breaking news New

വ്യാജരേഖകൾ ഉപയോഗിച്ച് നടത്തുന്ന അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമാണെന്ന് ഹൈക്കോടതി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ദുരവസ്ഥ ചൂഷണം ചെയ്ത് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. നിയമപരമായ അവയവദാന സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇത്തരം ഇടപാടുകൾ തകർക്കുന്നതായും കോടതി നിരീക്ഷിച്ചു.

കൊച്ചി കേന്ദ്രീകരിച്ച് നടന്ന അനധികൃത അവയവ കച്ചവടക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. അവയവ കച്ചവടത്തിനായി വ്യാജരേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിയുടെ ഇടപെടലുകൾ വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന് കോടതി വിലയിരുത്തി. കുന്നത്തുനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മെയ് എട്ട് മുതൽ മുഹമ്മദ് നജീബ് കല്ലട്ര റിമാൻഡിലാണ്.

കേസിന്റെ അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്നും കോടതി വ്യക്തമാക്കി.

നിയമപരമായ നടപടിക്രമങ്ങൾ മറികടന്ന് അവയവദാനവും കൈമാറ്റവും നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തികമായി ദുർബലരായവരെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ഇടപാടുകൾ തടയേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, പൊലീസ് അന്വേഷണത്തിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട് ചില ആശുപത്രികളുടെ ഇടപാടുകളും പ്രവർത്തനങ്ങളും ഇഡി പരിശോധിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t