breaking news New

ഓർത്തഡോക്സ് - യാക്കോബായ പള്ളി തർക്കത്തിൽ , ആറ് പള്ളികളിൽ ഓർത്തഡോക്‌സ് വികാരിമാർക്ക് പോലീസ് സംരക്ഷണം നൽകാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച് !!

ഡോ. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

സിവില്‍ കോടതിയില്‍ കേസ് നല്‍കി സ്വന്തം കൈവശാവകാശം ആദ്യം സ്ഥാപിച്ചെടുക്കാതെ, നേരിട്ട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പള്ളി സ്വത്തിന്റെ യഥാര്‍ത്ഥ അവകാശം സംബന്ധിച്ച് തര്‍ക്കമുള്ള ഹര്‍ജിക്കാര്‍ക്ക് നിയമപരമായി സിവില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ 2023 ജനുവരി 31-ലെ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികളിലാണ് ഈ സുപ്രധാന വിധി. പാലക്കാട്ടെ ചെറുകുന്നം, എരിക്കിന്‍ചിറ, മംഗലംഡാം, കൊല്ലത്തെ മുഖത്തല, എറണാകുളം ഓടക്കാലി, കാക്കൂര്‍ ആട്ടിന്‍കുന്ന് എന്നീ പള്ളികളുമായി ബന്ധപ്പെട്ടായിരുന്നു അപ്പീലുകള്‍.

സഭാ തര്‍ക്കം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഹൈക്കോടതി പിന്തുണ അറിയിച്ചു. നിരന്തരമായി ക്രമസമാധാന പ്രശ്നമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സഭാതര്‍ക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിലൊഴികെ, മതപരമായ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ നിഷ്പക്ഷത പാലിക്കണമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പൊതുജനങ്ങളെ ബാധിക്കുന്ന രീതിയില്‍ തെരുവില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മധ്യസ്ഥതയിലൂടെ ഇടപെടേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത്തരം സഭാ തര്‍ക്കങ്ങളില്‍ അവസാന ആശ്രയമെന്ന നിലയില്‍ എക്സിക്യൂട്ടീവ് നടപടികളിലൂടെയോ പ്രത്യേക നിയമനിര്‍മ്മാണത്തിലൂടെയോ ശാശ്വത സമാധാനവും സാമൂഹിക ക്രമവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.

പള്ളികളുടെ മാനേജ്മെന്റ് ചുമതലയെക്കുറിച്ച് മാത്രമാണ് സുപ്രീം കോടതിയുടെ ഉത്തരവുള്ളതെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t