breaking news New

പാക് സൗന്ദര്യവർധക ക്രീമുകളിൽ അനുവദനീയ പരിധിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് വിഷാംശം ; കേരളത്തിലേക്കുള്ള കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു !!

പാകിസ്താനില്‍ നിര്‍മ്മിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ വഴി നിയമവിരുദ്ധമായി കേരളത്തിലേക്ക് കടത്തുന്ന ഫൈസ (Faiza), ഗോറി (Goree) എന്നീ പാക് ബ്യൂട്ടി ക്രീമുകളുടെ വരവും വിതരണ ശൃംഖലയുമാണ് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്. വിഷവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ പ്രചരിപ്പിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും.

സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മെര്‍ക്കുറിയുടെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഫേസ് ക്രീമുകളില്‍ 1 PPM (Parts Per Million) മെര്‍ക്കുറി മാത്രമാണ് നിയമപരമായി അനുവദനീയം. എന്നാല്‍ കേരളത്തില്‍ പിടിച്ചെടുത്ത ഫൈസ, ഗോറി ക്രീമുകളില്‍ 20,000 PPM വരെയെന്ന ഭയാനകമായ അളവിലാണ് മെര്‍ക്കുറി കണ്ടെത്തിയത്. അത്യധികം അപകടകരമായ ഈ വിഷാംശം ചര്‍മ്മത്തിലൂടെ ശരീരത്തിനുള്ളിലെത്തിയാല്‍ കരള്‍, വൃക്ക എന്നീ സുപ്രധാന അവയവങ്ങള്‍ പൂര്‍ണ്ണമായി തകരാറിലാകും.

പാകിസ്താനിലെ ലാഹോറില്‍ നിര്‍മ്മിക്കുന്ന 'ഗോറി ഡേ ആന്‍ഡ് നൈറ്റ്', ഗുജ്റാന്‍വാലയിലെ പൂനിയ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന 'ഫൈസ' എന്നീ ബ്യൂട്ടി ക്രീമുകള്‍ക്ക് പല വിദേശ രാജ്യങ്ങളിലും നിര്‍മ്മാണ നിരോധനമുണ്ട്. അത്യധികം മെര്‍ക്കുറി അടങ്ങിയതിനാല്‍ 2019-ല്‍ പാകിസ്താന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ അതോറിറ്റി ഫൈസ നിരോധിച്ചിരുന്നെങ്കിലും ഇവയുടെ അനധികൃത ഉല്‍പ്പാദനവും കയറ്റുമതിയും തടസ്സമില്ലാതെ തുടരുകയായിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലും ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിരുന്നു.

മനോഹരമായ പരസ്യങ്ങളിലൂടെയും മുഖം പെട്ടെന്ന് വെളുക്കുമെന്ന വ്യാജ വാഗ്ദാനങ്ങളിലൂടെയും സാധാരണക്കാരെ വലയിലാക്കിയാണ് ഈ ക്രീമുകള്‍ വില്‍ക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിച്ച ശേഷം ഔദ്യോഗിക പര്‍ച്ചേസ് ബില്ലുകളോ രേഖകളോ ഇല്ലാതെയാണ് അനധികൃത മാര്‍ഗ്ഗത്തിലൂടെ ഇവ കേരളത്തിലേക്ക് എത്തിക്കുന്നത്. 50 ഗ്രാം വരുന്ന ഒരു ബോക്സിന് 400 മുതല്‍ 500 രൂപ വരെ ഈടാക്കിയാണ് അനധികൃത കേന്ദ്രങ്ങള്‍ വഴി ഇവിടുത്തെ വിപണിയില്‍ ചില്ലറ വില്‍പ്പന നടത്തുന്നത്.

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപ്പിലാക്കിയ 'ഓപ്പറേഷന്‍ സൗന്ദര്യ' എന്ന ദൗത്യത്തിലൂടെയാണ് പാക് നിര്‍മ്മിത വ്യാജ ക്രീമുകളുടെ പടുകൂറ്റന്‍ ശൃംഖല കുടുങ്ങിയത്. ജൂലൈ അവസാനത്തോടെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ പരിശോധനയില്‍ ഏകദേശം 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം, എറണാകുളം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബുകളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ക്രീമുകളിലെ വിഷസാന്നിധ്യം പുറത്തുവന്നത്.

കൗമാരക്കാരിലും കുട്ടികളിലും ബ്യൂട്ടി ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ കടുപ്പിച്ചത്. ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡുകളില്‍ ലിപ്സ്റ്റിക്, ബേബി പൗഡര്‍, ബേബി ഓയില്‍, സോപ്പ് തുടങ്ങിയ ഒട്ടേറെ ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 പ്രകാരമുള്ള യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വിപണിയിലെത്തിച്ച ഉല്‍പ്പന്നങ്ങളാണ് ഇവയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പര്‍ച്ചേസ് ബില്ലുകളോ കൃത്യമായ ഇറക്കുമതി രേഖകളോ ഇല്ലാതെ കടത്തിക്കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വിപണികളില്‍ എത്തുന്നതിനു പിന്നില്‍ വലിയ വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിതരണക്കാര്‍ക്ക് വിദേശ ബന്ധമുണ്ടോ എന്നും, ക്രീമുകളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം മറ്റ് അവിഹിത മാര്‍ഗ്ഗങ്ങളിലേക്ക് ഉപയോഗിക്കുന്നുണ്ടോ എന്നതുമാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രധാനമായും പരിശോധിക്കുന്നത്. ഗള്‍ഫില്‍ നിന്നാണ് ഇത് കേരളത്തിലേക്ക് വരുന്നത്.

അനുവാദമില്ലാത്തതും വിഷമയവുമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ ഈ ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ഉടനടി അത് നിര്‍ത്തണമെന്ന് കർശന മുന്നറിയിപ്പുണ്ട്.

ഇവ ഉല്‍പ്പാദിപ്പിക്കുകയും അനധികൃതമായി എത്തിച്ചു വിതരണം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കടുത്ത നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ചര്‍മ്മത്തില്‍ ഗുരുതരമായ പാടുകള്‍, ആന്തരിക അവയവങ്ങളുടെ തകരാറുകള്‍, മറ്റ് മാരകമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന പാക് നിര്‍മ്മിത ക്രീമുകള്‍ ഒരു കാരണവശാലും പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കുന്നു.

അംഗീകൃത ലൈസന്‍സില്ലാതെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനം തടയാന്‍ സംസ്ഥാനത്തുടനീളം റെയ്ഡുകള്‍ തുടരുകയാണ്.

പൊതുജനങ്ങള്‍ക്ക് സംശയാസ്പദമായ ഇത്തരം ബ്യൂട്ടി ക്രീമുകളെക്കുറിച്ചോ മറ്റ് അനധികൃത കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളെക്കുറിച്ചോ വിവരങ്ങള്‍ ലഭിച്ചാല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറായ 18004253182 വഴി നേരിട്ട് പരാതിപ്പെടാവുന്നതാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t