ശബരിമല ഉള്‍പ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം, പുള്ളുവന്‍പാട്ട് തുടങ്ങിയ ചടങ്ങുകള്‍ക്ക് പതിനെട്ട് ശതമാനം നികുതി ഈടാക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം വളരെ ആസൂത്രിതമായ നീക്കമായെ കാണാന്‍ കഴിയൂ. ദേവസ്വം സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബലിത്തറകള്‍, പുള്ളുവന്‍പാട്ട്, നീരാഞ്ജന ശിഷ്ടം, ഏറ് നാളികേരങ്ങള്‍ എടുക്കാനുള്ള കരാറുകാരുടെ അവകാശം, പമ്പയില്‍ നിന്നു തുണികള്‍ ശേഖരിക്കല്‍ തുടങ്ങിയ മുപ്പതിലേറെ ഇനങ്ങള്‍ക്കാണ് നികുതി ഈടാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കരാറുകാരില്‍ നിന്നാണ് നികുതി ഈടാക്കുന്നതെങ്കിലും ഇതിന്റെ ഭാരം താങ്ങേണ്ടി വരിക ഭക്തരാണ്. കാരണം ലാഭ വിഹിതം കുറയുന്നത് ഇഷ്ടപ്പെടാത്ത കരാറുകാര്‍ വരുമാന നഷ്ടം നികത്താന്‍ ജിഎസ്ടി തുക കൂടി ഭക്തരില്‍ നിന്ന് ഈടാക്കും. ക്ഷേത്രങ്ങളിലെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, സ്റ്റാളുകള്‍, പബ്ലിക് ടോയ്ലെറ്റുകള്‍ എന്നിവയുടെ കുത്തകാവകാശം ലേലം ചെയ്യുമ്പോഴും ജിഎസ്ടി ബാധകമാക്കിയതും ഭക്തജനങ്ങളെ നേരിട്ട് ബാധിക്കും. നേരിട്ടുള്ള വഴിപാടുകള്‍, കാണിക്ക, തുലാഭാരം, വിവാഹ രസീത്, സംഭാവന, കൃഷിയില്‍ നിന്നുള്ള ആദായം തുടങ്ങിയവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തുന്ന വഴിപാടുകളാണ്. പക്ഷേ പുതിയ തീരുമാനം ഒരുതരത്തിലും ഭക്തരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ല. ശബരിമല ഉള്‍പ്പെടെയുള്ള മഹാക്ഷേത്രങ്ങളില്‍ ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും കരാര്‍ നല്‍കുകയാണ് പതിവ്. ഇവയ്‌ക്കാണ് ചരക്കുസേവന നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ക്ഷേത്രാചാരങ്ങള്‍ക്ക് സേവന നികുതി ബാധകമല്ലെന്നിരിക്കെ അവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ചടങ്ങുകള്‍ക്ക് കച്ചവടക്കണ്ണോടെ നികുതി ഏര്‍പ്പെടുത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഭക്തജനങ്ങളുടെ താല്‍പ്പര്യത്തെ ഹനിക്കുന്ന ഈ നീക്കത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് അടിയന്തരമായി പിന്മാറണം. അല്ലാത്തപക്ഷം ഭക്തജനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും ഭാഗത്തുനിന്ന് വലിയ പ്രതിഷേധം നേരിടേണ്ടി വരും. ആരാധനാ വിധികള്‍ അനുഷ്ഠിക്കുന്ന ഭക്തരെ സഹായിക്കാന്‍ ബാധ്യസ്ഥമായ ദേവസ്വം ബോര്‍ഡ് അതിന് കടകവിരുദ്ധമായി പെരുമാറുന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കണം. ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കുന്നതും ഒളിച്ചുകളി നടത്തുന്നതും അവസാനിപ്പിക്കണം എന്നാണ് ഭക്തർ ആവശ്യപ്പെടുന്നത്.
അതേസമയം,
വഴിപാടുകള്‍ക്ക് ചരക്കുസേവന നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നാണ് ഉണ്ടായിട്ടുള്ളതെങ്കിലും ഇതിന്റെ ചുവടുപിടിച്ച് കൊച്ചി ദേവസ്വം ബോര്‍ഡും മലബാര്‍ ദേവസ്വം ബോര്‍ഡും ഈ വഴിക്ക് സഞ്ചരിക്കാൻ സാധ്യത ഉണ്ടെന്ന് ഭക്തർക്ക് ആശങ്കയും ഉണ്ട്.
ക്ഷേത്ര ആചാരങ്ങൾക്കും വഴിപാടുകൾക്കും ജിഎസ്ടി : ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം
Advertisement
Advertisement
Advertisement