സര്‍ക്കാരിന്റെ നിയമങ്ങളും കീഴ്വഴക്കങ്ങളും കാറ്റില്‍പ്പറത്തി, മുന്‍ കായികമന്ത്രിയുടെ ഓഫീസും ചില സ്വകാര്യ വ്യക്തികളും ചേര്‍ന്നാണ് ഈ വലിയ ഇടപാടുകള്‍ നടത്തിയത്. പുറത്തുവന്ന കരാറുകളെക്കുറിച്ചോ പണമിടപാടുകളെക്കുറിച്ചോ സര്‍ക്കാരിന്റെ ഔദ്യോഗിക ഫയലുകളില്‍ ഒരു വിവരവുമില്ലെന്ന് കായിക സെക്രട്ടറി എന്‍.പ്രശാന്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന ഒരു കത്തോ ഇ-മെയിലോ സര്‍ക്കാറിന്റെ അന്തിമ തീരുമാനമല്ല. അത് ബന്ധപ്പെട്ട വകുപ്പിലെത്തുകയും, തപാല്‍ ആയി രജിസ്റ്റര്‍ ചെയ്ത് ഫയലില്‍ വരികയും വേണം. ആവശ്യമെങ്കില്‍ ധനകാര്യ, നിയമ വകുപ്പുകളുടെ അനുമതി വാങ്ങി യോഗ്യരായ ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം മാത്രമാണ് സര്‍ക്കാരിന്റെ പേരില്‍ കത്തുകളോ കരാറുകളോ ഉണ്ടാക്കേണ്ടത്. എന്നാല്‍, സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലിലെ ഈ അടിസ്ഥാന നിയമങ്ങളെല്ലാം ഇവിടെ ലംഘിക്കപ്പെട്ടു. അന്നത്തെ കായികമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബസുഹൃത്തും ചേര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന് കത്തയച്ചതും ഇ-മെയില്‍ വഴിയുള്ള വാര്‍ത്തകള്‍ കൈമാറിയതുമെല്ലാം മന്ത്രിയുടെ ഓഫീസ് നേരിട്ടായിരുന്നു. കായികവകുപ്പിലെ ഉദ്യോഗസ്ഥര്‍പോലും ഈ വിവരങ്ങള്‍ അറിയുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
മത്സരത്തിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ഷിപ്പ് 'റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക്' (RBC) നല്‍കിയതില്‍ വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത്. സര്‍ക്കാറിന്റെ സ്റ്റോര്‍സ് പര്‍ച്ചേസ് മാനുവല്‍ പ്രകാരം ഏതൊരു പൊതു കരാറിനും പത്രങ്ങളില്‍ പരസ്യം നല്‍കി ഓപ്പണ്‍ ടെന്‍ഡര്‍ (Open Tender) വിളിക്കേണ്ടതുണ്ട്. എന്നാല്‍, മറ്റ് കമ്പനികള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കാതെ റിപ്പോര്‍ട്ടര്‍ ചാനലിന് മാത്രം വഴിവിട്ട സഹായം നല്‍കുകയായിരുന്നു.
കമ്പനിയുടെ സാമ്പത്തിക ശേഷിയോ പണത്തിന്റെ സ്രോതസ്സോ പരിശോധിക്കാതെ, മന്ത്രിയുടെയും അന്നത്തെ ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളില്‍ നടന്ന വാക്കാല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ കരാര്‍ ഉറപ്പിച്ചത്. ടിക്കറ്റ് വില്‍പ്പന, ടി.വി സംപ്രേഷണം, സ്റ്റേഡിയത്തിലെ പരസ്യങ്ങള്‍ എന്നിവയിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനത്തില്‍ ഒരു വിഹിതം പോലും സര്‍ക്കാരിലേക്കോ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനിലേക്കോ നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നില്ല. നഷ്ടം വന്നാല്‍ വ്യക്തതയില്ലാത്തതും ലാഭം മുഴുവന്‍ സ്വകാര്യ കമ്പനിക്ക് ലഭിക്കുന്നതുമായ രീതിയിലായിരുന്നു ഈ കരാര്‍.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 126 കോടി രൂപ കൈമാറിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്മെന്റ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ പണം കൈമാറിയതിന്റെയോ അര്‍ജന്റീന ടീം അത് കൈപ്പറ്റിയതിന്റെയോ യാതൊരു തെളിവും സര്‍ക്കാരിന്റെ കൈവശമില്ല. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ കരിമ്പട്ടികയിലുള്ള 'ടൂര്‍ പ്രോഡ് എന്റര്‍പ്രൈസസ്' എന്ന ഇടനില കമ്പനി വഴിയാണ് പണമയച്ചതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
റിസര്‍വ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അനുമതികളോ, ബാങ്ക് വഴി പണമയച്ചതിന്റെ 'സ്വിഫ്റ്റ് കോപ്പിയോ' പുറത്തുവിടാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. കൂടാതെ, അര്‍ജന്റീനയ്‌ക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ 500 കോടിയുടെ നഷ്ടപരിഹാര കേസ് നല്‍കിയിട്ടുണ്ടെന്ന ചാനല്‍ മാനേജ്മെന്റിന്റെ വാദവും വ്യാജമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് വിദേശ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തതെന്ന് വ്യക്തമാക്കാന്‍ ഇവര്‍ക്കായിട്ടില്ല.
കേന്ദ്ര സര്‍ക്കാരിന്റെയോ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെയോ (AIFF) യാതൊരു അനുമതിയും ഇല്ലാതെയാണ് ഇത്രയും വലിയൊരു അന്താരാഷ്ട്ര കായിക പരിപാടി നടത്താന്‍ മന്ത്രിയും സംഘവും ഇറങ്ങിത്തിരിച്ചത്. മാധ്യമപ്രവര്‍ത്തനത്തിനും ചാനല്‍ നടത്തിപ്പിനുമായി രജിസ്റ്റര്‍ ചെയ്ത കമ്പനി, ചട്ടങ്ങള്‍ ലംഘിച്ച് കോടികളുടെ സ്‌പോര്‍ട്‌സ് ഈവന്റ് മാനേജ്മെന്റ് നടത്തിയതിലൂടെ കമ്പനീസ് ആക്ടിന്റെ ലംഘനവും നടന്നിട്ടുണ്ട്.
വിദേശ പണമിടപാടുകളിലെ കള്ളപ്പണ സാന്നിധ്യവും വലിയ സാമ്പത്തിക തിരിമറികളും പുറത്തുവന്ന സാഹചര്യത്തില്‍, കേസ് സംസ്ഥാന പോലീസിന് മാത്രം അന്വേഷിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍. ഇ.ഡി , സി.ബി.ഐ , എന്‍.ഐ.എ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കൊണ്ട് സംയുക്ത അന്വേഷണം നടത്തിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെയും സംഘത്തെയും കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന വന്‍ നിയമലംഘനങ്ങളും, സാമ്പത്തിക തിരിമറികളും പുറത്തുകൊണ്ടുവന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Advertisement
Advertisement
Advertisement