കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് സഭയിൽ അവതരിപ്പിച്ച ബിൽ ലോക്‌സഭയിലും തുടർന്ന് രാജ്യസഭയിലും പാസാക്കുകയായിരുന്നു. രാഷ്ട്രപതി കൂടി ഒപ്പുവെച്ചതോടെ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഭേദഗതി നിലവിൽ വരികയും സംസ്ഥാനത്തിന്റെ പുതിയ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാവുകയും ചെയ്തു.
കേരള നിയമസഭ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടികളിലേക്ക് കടന്നത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ പറയുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് 2023-ലും പിന്നീട് ചില സാങ്കേതിക ഭേദഗതികളോടെ 2024 ജൂൺ 24-നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു പാസാക്കിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനുള്ള നടപടികൾ പൂർത്തിയാക്കി കേന്ദ്ര ബില്ലായി പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു.
രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിച്ചതോടെ ഇനി മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകൾ, കേന്ദ്ര വിജ്ഞാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങളുടെ രേഖകൾ എന്നിവയിലെല്ലാം ‘കേരള’യ്ക്ക് പകരം ‘കേരളം’ എന്നായിരിക്കും രേഖപ്പെടുത്തുക.