breaking news New

ദേശീയഗീതമായ 'വന്ദേമാതരത്തിന്' ദേശീയഗാനത്തിന് സമാനമായ നിയമപരമായ പദവിയും സംരക്ഷണവും നല്‍കിക്കൊണ്ടുള്ള പുതിയ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍

പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ തരൂര്‍, പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ മനുഷ്യസ്വഭാവത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ കൃത്യമായ ചര്‍ച്ചകളൊന്നുമില്ലാതെയാണ് ബില്ല് പാസാക്കിയതെന്നും ശശി തരൂർ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

ഏതൊരു ഔദ്യോഗിക ചടങ്ങിന്റെയും തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനത്തിന് പുറമെ ദേശീയഗീതമായ വന്ദേമാതരത്തിലെ ആറ് വരികളും നിര്‍ബന്ധമായും പാടണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഇരുഗാനങ്ങളെയും താന്‍ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സുകള്‍ തനിക്ക് അറിയാമെങ്കിലും മറ്റ് നാലെണ്ണം ഇതുവരെ ആവശ്യപ്പെടാത്തതിനാല്‍ അറിയില്ലെന്നും എന്നാല്‍ ദേശീയഗാനം പൂര്‍ണ്ണമായി പാടാന്‍ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് തരൂരിന്റെ പ്രധാന ആരോപണം.

ദേശീയഗാനമായ 'ജന ഗണ മന' ആലപിക്കുമ്പോള്‍ സദസ്സിലുള്ളവര്‍ ആദരവോടെ 52 സെക്കന്‍ഡാണ് ശ്രദ്ധയോടെ എഴുന്നേറ്റു നില്‍ക്കേണ്ടത്. എന്നാല്‍ വന്ദേമാതരം മുഴുവനായി പാടാന്‍ മൂന്ന് മിനിറ്റും 10 സെക്കന്‍ഡും വേണം. ഇതിനുപുറമെ, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ദേശീയഗാനത്തിനും ദേശീയഗീതത്തിനും മുന്നോടിയായി തമിഴ് സംസ്ഥാന ഗാനം കൂടി രണ്ട് മിനിറ്റോളം പാടാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

'ഓരോ ചടങ്ങിന്റെയും തുടക്കത്തിലും ഒടുക്കത്തിലുമായി സദസ്സ് ആറു മിനിറ്റോളം (ആകെ 12 അധിക മിനിറ്റുകള്‍) അനങ്ങാതെ ആദരവോടെ എഴുന്നേറ്റ് നില്‍ക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ടോ?' എന്ന് തരൂര്‍ ചോദിച്ചു. ബഹുമാനവും സഹിഷ്ണുതയും നിയമം മൂലം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ദേശീയഗീതത്തോടുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ ബില്‍ ലക്ഷ്യം കാണില്ലെന്ന് മാത്രമല്ല, വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t