breaking news New

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്നും ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ‘കേരള ബിൽ 2026’ പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടയിലും മുദ്രാവാക്യം വിളികൾക്കിടയിലും ലോക്സഭ പാസാക്കി

കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷായാണ് ബിൽ സഭയിൽ അവതരിപ്പിക്കേണ്ടിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ സഭയുടെ പരിഗണനയ്ക്ക് വെച്ചത്.

യാതൊരുവിധ ചർച്ചകളും കൂടാതെ ശബ്ദവോട്ടോടെയാണ് ലോക്സഭ ബിൽ പാസാക്കിയത്. ഡൽഹി പോലീസിന്റെ സി.ജെ.പി പ്രതിഷേധത്തിന് നേരെയുള്ള നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി കടുത്ത മുദ്രാവാക്യം വിളികൾ ഉയർത്തുന്നതിനിടയിലാണ് ബിൽ പാസാക്കൽ നടപടികൾ നടന്നത്. അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.

‘കേരള’ എന്ന പേര് മാറ്റി ‘കേരളം’ എന്നാക്കുന്ന ബില്ലിനെ കോൺഗ്രസ് എന്തിനാണ് എതിർക്കുന്നതെന്നും ഇതിൽ എന്താണ് തെറ്റെന്നും പ്രതിപക്ഷ പ്രതിഷേധത്തോട് പ്രതികരിച്ചുകൊണ്ട് നിത്യാനന്ദ് റായ് ചോദിച്ചു.

കേരളത്തിന്റെ ചരിത്രപരമായ ഈ പേരുമാറ്റ അവസരത്തിൽ സഭയിൽ സംസാരിക്കാൻ കേരളത്തിൽ നിന്നുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കൾ ആരും തന്നെ തയ്യാറാകാതിരുന്നതിൽ തനിക്ക് വലിയ വിഷമമുണ്ടെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ലോക്സഭ പാസാക്കിയ ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് അയക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t