breaking news New

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി 19 പ്രമുഖ ഭീകരരുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ഡൽഹി പോലീസ് പൊതുസ്ഥലങ്ങളിൽ പതിപ്പിച്ചു.

ഈ ഭീകരരെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഉചിതമായ പ്രതിഫലം നൽകുമെന്നും വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

ഇന്ത്യൻ മുജാഹിദീൻ നേതാക്കളായ റിയാസ് ഭട്കൽ, ഇഖ്ബാൽ ഭട്കൽ, അൽ-ഖ്വൊയ്ദയുമായി ബന്ധമുള്ള മുഹമ്മദ് ഷർജീൽ അക്തർ, അബു സുഫിയാൻ, സെയ്ദ് മുഹമ്മദ് അർഷിയാൻ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഖാലിസ്താൻ സിന്ദാബാദ് ഫോഴ്സിലെ രഞ്ജിത് സിങ് അലിയാസ് നീത, പരംജിത് സിങ് പമ്മ, ഖാലിസ്താൻ ടൈഗർ ഫോഴ്സിന്റെ അർഷ്ദീപ് സിങ് അലിയാസ് അർഷ് ദാല എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. കൂടാതെ ബബ്ബർ ഖൽസ ഇന്റർനാഷണലിലെ (BKI) ഹർവീന്ദർ സിങ് സന്ധു അലിയാസ് റിന്ദ, വാധ്വ സിങ് ബബ്ബർ, ഗുർമീത് സിങ് ബഗ്ഗ എന്നിവരെയും മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഘോഷങ്ങളോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, പ്രധാന വിപണികൾ, മതപരമായ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സുരക്ഷാ ഏജൻസികളുമായി ചേർന്നുള്ള സംയുക്ത പരിശോധനകളും ഡൽഹിയിൽ പുരോഗമിക്കുകയാണ്. സംശയസ്പദമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസ് കൺട്രോൾ റൂം നമ്പറായ 112-ലോ സ്പെഷ്യൽ സെല്ലിലോ വിവരമറിയിക്കാൻ ഡൽഹി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡ്രോണുകൾ, യുഎവികൾ, പാരാഗ്ലൈഡറുകൾ എന്നിവ പറത്തുന്നതിനു ഡൽഹിയിൽ നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t