10.90 രൂപയിൽ നിന്ന് അരിയുടെ വില 26 രൂപയായി വർധിപ്പിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നു ഭക്ഷ്യവകുപ്പ് അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ ടൈഡ് ഓവർ വിഹിതത്തിൽ അരിയുടെ ലഭ്യത കുറഞ്ഞതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിലധികം അരിയുടെ കുറവുണ്ടായതായാണ് വകുപ്പിന്റെ കണക്ക്. നിലവിൽ 26,835 മെട്രിക് ടൺ അരിയും 6,459 മെട്രിക് ടൺ ഗോതമ്പുമാണ് ലഭിക്കുന്നത്.
കഴിഞ്ഞ സർക്കാർ കേന്ദ്രത്തോട് കൂടുതൽ ഗോതമ്പ് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അരിവിഹിതം കുറച്ച് ഗോതമ്പ് വിഹിതം വർധിപ്പിക്കുകയായിരുന്നുവെന്നും ഭക്ഷ്യവകുപ്പ് ആരോപിച്ചു. എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് വിഹിതത്തിൽ മാറ്റമുണ്ടായതെന്നും വകുപ്പ് പറയുന്നു.
ടൈഡ് ഓവർ വിഹിതത്തിൽ നിന്നാണ് ഉത്സവകാലങ്ങളിൽ പ്രത്യേക അരി വിതരണം ചെയ്തിരുന്നത്. എന്നാൽ 2025 ഡിസംബറിൽ അരിവിഹിതത്തിൽ കുറവ് വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് ഓണക്കാലത്തെ പ്രത്യേക അരി വിതരണത്തിന് പരിമിതി സൃഷ്ടിച്ചതെന്നും ഭക്ഷ്യവകുപ്പ് വിശദീകരിച്ചു.
ടൈഡ് ഓവർ വിഹിതത്തിലെ കുറവ് പരിഹരിക്കുന്നതിനായി സാധാരണ റേഷൻ വിഹിതത്തിന് പുറമെ നീല, വെള്ള, തവിട്ട് കാർഡ് ഉടമകൾക്ക് 26 രൂപ നിരക്കിൽ അധിക അരി ലഭ്യമാക്കുന്നുണ്ട്. ഇതിനായി കിലോയ്ക്ക് 23.20 രൂപ നിരക്കിൽ ഒഎംഎസ്എസ് (ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം) വഴി അരി വാങ്ങിയതായും വകുപ്പ് വ്യക്തമാക്കി.
പരിമിതമായ സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി അധിക അരി ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റിൽ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.
റേഷൻ അരിയുടെ വിലയിലോ അളവിലോ മാറ്റം വരുത്തിയിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ്
Advertisement
Advertisement
Advertisement