ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ സാധ്യതയില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടന്‍ ഇടക്കാല നിരക്ക് വര്‍ധനയുണ്ടാകില്ലെന്ന് ഉറപ്പായി. ഈ വിഷയത്തില്‍ ഈ മാസം 18 ന് തിരുവനന്തപുരത്തെ റെഗുലേറ്ററി കമ്മിഷന്‍ ആസ്ഥാനത്ത് തെളിവെടുപ്പ് നടക്കും. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മുന്‍ റിപ്പോര്‍ട്ടിലെ നടപടികള്‍ അവസാനിപ്പിക്കാനാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്.
2024 ലാണ് നിരക്ക് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് കമ്മിഷന്‍ വിലയിരുത്തിയിരുന്നു. പിഴവുകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും കെ.എസ്.ഇ.ബി അത് ഹാജരാക്കിയില്ല. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടതും റിപ്പോര്‍ട്ട് തള്ളുന്നതിലേക്ക് വഴിതെളിച്ചു.
വൈദ്യുതി നിരക്കില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ യൂണിറ്റിന് 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയുമാണ് കമ്മിഷന്‍ വര്‍ധന അനുവദിച്ചിരുന്നത്. 2026-27 കാലയളവിലേക്ക് നിരക്ക് വര്‍ധന അനുവദിച്ചിരുന്നില്ല. അനുവദിച്ച് നല്‍കിയ വര്‍ധനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരക്കുകളില്‍ പുനപരിശോധന നടത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യാപക പൊരുത്തക്കേടുകള്‍ കണ്ടെത്തി.
മുന്‍വര്‍ഷങ്ങളിലെ നിരക്ക് വര്‍ധന നാമമാത്രമായിരുന്നതിനാല്‍ മുന്‍കാല നഷ്ടം നികത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. കമ്മിഷന്‍ അനുമാനിച്ചതിനേക്കാള്‍ വലിയ വരുമാനക്കമ്മി നേരിട്ടതായും ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. നിലവിലെ റിപ്പോര്‍ട്ട് തള്ളുന്നതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായിരിക്കും കെ.എസ്.ഇ.ബിക്ക് ഇനി നിരക്ക് വര്‍ധന ആവശ്യപ്പെടാന്‍ സാധിക്കുക. ഇതിനായുള്ള പുതിയ അപേക്ഷ നവംബറില്‍ സമര്‍പ്പിക്കേണ്ടി വരും.
നിലവിലെ വൈദ്യുതി നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് കാണിച്ച് കെ.എസ്.ഇ.ബി സമര്‍പ്പിച്ച റിപ്പോര്‍ട്ട് റെഗുലേറ്ററി കമ്മിഷന്‍ തള്ളിയേക്കും
Advertisement
Advertisement
Advertisement