breaking news New

കിടപ്പുരോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം പൂർണ്ണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി

ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആവശ്യമായ സമയം അനുവദിച്ച ശേഷമേ പുതിയ സംവിധാനത്തിലേക്ക് കടക്കൂ. വരാനിരിക്കുന്ന ഓണക്കാലത്തുൾപ്പെടെ പെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തടസ്സമില്ലാതെ തുടരും.

ക്ഷേമപെൻഷൻ കൈപ്പറ്റുന്ന എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ പരിഷ്കാരം പ്രാബല്യത്തിൽ കൊണ്ടുവരികയുള്ളൂ. ഇതിനായി വേഗത്തിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള പ്രത്യേക നടപടികൾ സർക്കാർ കൈക്കൊള്ളും. മുൻപ് അറിയിച്ചതുപോലെ കിടപ്പുരോഗികളെ ഈ മാറ്റത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; ഇവർക്ക് വീടുകളിൽ തന്നെ പെൻഷൻ എത്തിച്ചു നൽകും.

പെൻഷൻ വിതരണം അവസാനിപ്പിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയ ഭരണകൂടം, അർഹരായവർക്ക് തടസ്സമില്ലാതെ തുക ലഭ്യമാക്കാനാണ് പുതിയ മാറ്റമെന്ന് വ്യക്തമാക്കി. നിലവിൽ സഹകരണ സംഘങ്ങളിലെ ഏജന്റുമാർ മുഖേന വീട്ടിലെത്തിക്കുന്ന തുകയിൽ ചിലയിടങ്ങളിൽ തിരിമറിയും, വിതരണം ചെയ്യാത്ത തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിൽ വീഴ്ചയും കണ്ടെത്തിയിരുന്നു. ഇത്തരം സാമ്പത്തിക അപാകതകൾ പൂർണ്ണമായി പരിഹരിക്കാനാണ് പെൻഷൻ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t