breaking news New

വളരെ ആസൂത്രിതമായും ഗൂഢാലോചന നടത്തിയുമാണ് നീറ്റ് ചോദ്യപേപ്പര്‍ ചോർത്തിയതെന്ന് സിബിഐയുടെ കണ്ടെത്തൽ !!

2025 അവസാനത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെടുക്കാന്‍ ഗൂഢാലോചന ആരംഭിച്ചത്. വിവര്‍ത്തനം ചെയ്യാനെത്തിയ മഹാരാഷ്‌ട്ര സ്വദേശികളായ മനീഷ ഗുരുനാഥ് മന്ധാരെ, പ്രഹ്ലാദ് വിഠല്‍റാവു കുല്‍ക്കര്‍ണി, മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവര്‍ ചോദ്യങ്ങള്‍ ചോര്‍ത്താന്‍ വന്‍ പദ്ധതി തയാറാക്കി.

ചെറിയ കടലാസ് കഷണങ്ങളില്‍ കുറിച്ചെടുത്ത് ഒളിപ്പിച്ചാണ് പ്രഹ്ലാദ് വിഠല്‍റാവു കുല്‍ക്കര്‍ണി ചോദ്യങ്ങള്‍ കടത്തിയത്. സിസിടിവിയും സുരക്ഷാ പരിശോധനയും ഇല്ലാതിരുന്നതിനാല്‍ അതിവേഗം ചോദ്യങ്ങള്‍ കടത്താനായി. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തില്‍ കടത്തിയത്. മനീഷ ഗുരുനാഥ് മന്ധാരെ, മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവര്‍ ചോദ്യങ്ങള്‍ മനപാഠമാക്കി. റൂമില്‍ തിരികെ എത്തിയശേഷം മനീഷ ഗുരുനാഥ് മന്ധാരെ പേപ്പറിലേക്ക് പകര്‍ത്തി. മനീഷ സഞ്ജയ് ഹവാല്‍ദാര്‍ പാഠപുസ്തകത്തിലെ അതാത് പാഠഭാഗത്ത് അടയാളപ്പെടുത്തി. 500 സെറ്റ് ചോദ്യങ്ങള്‍ മൂവരും കൂടി ചോര്‍ത്തി. തങ്ങളുടെ കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്കും ചോര്‍ത്തിയ ചോദ്യങ്ങള്‍ നല്‍കി.

വിവിധ സംസ്ഥാനങ്ങളിലെ കോച്ചിങ് സെന്ററുകളുമായി ധാരണയിലെത്തനായി ഏജന്റുമാരെയും ബ്രോക്കര്‍മാരെയും നിയോഗിച്ചു. ഇവരെ കൂടാതെ തേജസ് ഷാ, ശിവരാജ് മൊട്ടേഗാവ്കര്‍, ഡോ. മനോജ് ഷിരൂരെ, മനീഷ സഞ്ജയ് വാഗ്മറെ, ധനഞ്ജയ് ലോഖണ്ഡെ, ശുഭം ഖൈര്‍നാര്‍, യാഷ് യാദവ്, മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍ എന്നിവരും പ്രതികളാണ്. പ്രഹ്ലാദ് കുല്‍ക്കര്‍ണിയുമായി മനീഷ സഞ്ജയ് വാഗ്മറെ നിരന്തരം ബന്ധപ്പെട്ടിരുന്നു. മനീഷ സഞ്ജയ് വാഗ്മാര്‍ നീറ്റ് 2026 എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ചോദ്യങ്ങള്‍ വില്‍പനയക്ക് വച്ചു. ഇതുവഴിയാണ് ഒരു ശൃഖല പ്രവര്‍ത്തിച്ചത്.

രാജ്സ്ഥാനിലെ സിക്കാറിലെ ആര്‍കെ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി വഴിയാണ് മറ്റൊരു ശൃംഖല ചോദ്യങ്ങള്‍ വിറ്റത്. യൂട്യൂബ് വഴി കോച്ചിങ് ക്ലാസുകള്‍ നടത്തുന്നവരുള്‍പ്പടെ ലക്ഷങ്ങള്‍ നല്‍കി ചോദ്യങ്ങള്‍ വാങ്ങി. ആര്‍കെ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ രാകേഷ് മാണ്ഡവര്യക്ക് നിതേഷ് ചൗധരി എന്ന ബ്രോക്കറാണ് ചോദ്യപേപ്പര്‍ എത്തിച്ചത്. 500 ചോദ്യങ്ങളുടെ രണ്ട് പിഎഡിഫ് ഫയലുകള്‍ വാട്സ്ആപ്പ് വഴി നല്‍കുകയായിരുന്നു. ഇങ്ങനെ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ വിവിധ ശൃംഖല രൂപപ്പെട്ടു. പരീക്ഷയ്‌ക്ക് തലേദിവസം എത്തിയപ്പോള്‍ 30,000 രൂപയ്‌ക്ക് വരെ ചോദ്യപേപ്പര്‍ വില്‍ക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t