ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ട് ആണ്. തിങ്കളാഴ്ച വരെ ഈ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍പിടിത്തം നിരോധിച്ചു.
കോട്ടയത്ത് കിഴക്കന്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ ഇടവിട്ടുള്ള ശക്തമായ മഴയില്‍ മീനച്ചിലാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. പാലാ വലിയ പാലത്തിലെ സ്‌കെയില്‍ പ്രകാരം ഇന്നലെ ഒന്‍പത് അടിയായി താഴ്ന്നിരുന്ന വെള്ളം രാത്രിയോടെ പന്ത്രണ്ട് അടിയായി ഉയര്‍ന്നു. എന്നാല്‍ റോഡ് ഗതാഗതത്തിന് തടസ്സമില്ല. ഇടുക്കിയില്‍ ഇന്നലെ കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ചെറിയ തോതില്‍ മണ്ണിടിഞ്ഞു. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്ക ദുരിതം തുടരുകയാണ്. മീനച്ചിലാര്‍ കരകവിഞ്ഞ് കുമരകം, തിരുവാര്‍പ്പ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. തിരുവാര്‍പ്പ്, അയ്മനം, മേഖലകളില്‍നിന്നു സാവധാനം വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും കുമരകം മേഖലയില്‍ വെള്ളം ഒഴുകി നീങ്ങാന്‍ താമസം നേരിടുന്നു. വൈക്കം താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിലും ദുരിതം തുടരുന്നു. ചങ്ങനാശേരിയില്‍ എസി റോഡും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ തുടരുന്നു.
അതേസമയം മൂവാറ്റുപുഴയാര്‍ കടന്നുപോകുന്ന വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ജില്ലയില്‍ 139 ദുരിതാശ്വാസ ക്യാംപുകളിലായി പന്ത്രണ്ടായിരം പേരാണ് കഴിയുന്നത്. മഴക്കെടുതിയില്‍ റോഡുകള്‍ തകര്‍ന്ന ഈരാറ്റുപേട്ടയിലെ പ്രദേശങ്ങള്‍ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍ ഇന്ന് സന്ദര്‍ശിക്കും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു
Advertisement
Advertisement
Advertisement