വിവിധ അപകടങ്ങളില്‍പ്പെട്ട് 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായ നാലുപേര്‍ക്കായി പ്രദേശങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാനത്തുടനീളം 462 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും നിലവില്‍ 27,048 ആളുകള്‍ ഈ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് വന്‍ കൃഷിനാശമാണ് സംഭവിച്ചിട്ടുള്ളത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് 1882 ഹെക്ടറിലെ കൃഷിയാണ് പൂര്‍ണ്ണമായും നശിച്ചുപോയത്. ഇത് സംസ്ഥാനത്തെ 23,537 കര്‍ഷകരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ആകെ 66.44 കോടി രൂപയുടെ ഭൗതിക-സാമ്പത്തിക നഷ്ടം സംസ്ഥാനത്തുണ്ടായിട്ടുള്ളതായി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസധനസഹായമായി എട്ട് ലക്ഷം രൂപ വീതം നല്‍കും. ഇതിനുപുറമെ, മരിച്ചവരുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനായി അടിയന്തര ധനസഹായമായി പതിനായിരം രൂപ വേറെയും അനുവദിക്കും. വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനായിരം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിദുരന്തങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുകയും സര്‍ക്കാര്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍പ് വീട് പൂര്‍ണ്ണമായി നശിച്ചവര്‍ക്ക് പുനര്‍നിര്‍മ്മാണത്തിനായി നല്‍കിയിരുന്ന നാലു ലക്ഷം രൂപ ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വീടും സ്ഥലവും പൂര്‍ണ്ണമായി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കുന്നതിനായി മുന്‍പ് നല്‍കിയിരുന്ന 10 ലക്ഷം രൂപയുടെ സഹായം 12 ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയജലത്തില്‍ ഒറ്റപ്പെട്ടുപോയ കര്‍ഷകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീരമൃത്യു വരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയും ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലകനുമായ ആര്‍. രാജേഷിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി കടുത്ത ദുഃഖം രേഖപ്പെടുത്തി.
ജീവന്‍ പണയം വെച്ചുള്ള രാജേഷിന്റെ സാഹസിക രക്ഷാപ്രവര്‍ത്തനം നാടിന് എന്നും ഓര്‍മ്മിക്കാവുന്ന മാതൃകയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
രാജേഷിന്റെ ഭൗതികദേഹം പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്‌കരിക്കുക. അദ്ദേഹത്തിന്റെ പണിപൂര്‍ത്തിയാകാത്ത വീടിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് പൂര്‍ത്തിയാക്കി നല്‍കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.
മറ്റ് ചില പ്രധാന തീരുമാനങ്ങളും സര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
2024-ല്‍ തൃശൂര്‍ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലിലും കാലവര്‍ഷക്കെടുതിയിലും വീട് നഷ്ടപ്പെടുകയും എന്നാല്‍ ഇതുവരെ സാമ്പത്തിക ആനുകൂല്യം ലഭിക്കാന്‍ ബാക്കിയുള്ളതുമായ 248 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര ധനസഹായം അനുവദിക്കാന്‍ തീരുമാനമായി.
സംസ്ഥാന പൊലീസ് പരാതി പരിഹാര അതോറിറ്റി ചെയര്‍പേഴ്‌സണായി റിട്ടയേര്‍ഡ് ജസ്റ്റിസ് സി. എന്‍. രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിലും സര്‍ക്കാര്‍ പ്രധാന പ്രഖ്യാപനം നടത്തി. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി അനുവദിക്കേണ്ട വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായ 2025 കോടി 15 ലക്ഷം രൂപ ഉടന്‍ തന്നെ വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്നാം ഗഡു തുക തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ മുന്‍ വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായി തുകയനുവദിച്ചു. ഇതനുസരിച്ച് മുനിസിപ്പാലിറ്റികള്‍ക്ക് 136 കോടി രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 188 കോടി രൂപയും അധികമായി നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ, സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ വേതന കുടിശ്ശികയിനത്തില്‍ 44 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വര്‍ധിപ്പിച്ച തുകയടക്കം രണ്ടു ദിവസത്തിനുള്ളില്‍ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും തുടര്‍ന്നുള്ള കാലവര്‍ഷക്കെടുതികളിലും പെട്ട് ഇതുവരെ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി വി. ഡി. സതീശന്‍ : രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കാനും തീരുമാനം
Advertisement
Advertisement
Advertisement