breaking news New

സംസ്ഥാനത്തെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളും റെയ്ഡ് വിവരങ്ങളും തത്സമയം നിരീക്ഷിച്ച് ചോര്‍ത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് എ.ഐ. ക്യാമറകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ഗുരുതര സംശയത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വിജിലന്‍സ്

അടിയന്തര ആവശ്യങ്ങള്‍ക്കായി നല്‍കിയ പ്രത്യേക ഇളവുകളുടെ മറവിലാണ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് വാഹനങ്ങളുടെ സഞ്ചാരപഥം കൃത്യമായി ചോര്‍ത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ പോലീസ്, വിജിലന്‍സ് തുടങ്ങിയ അടിയന്തര സര്‍വീസ് വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതില്‍ നിന്ന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഒഴിവാക്കലുകള്‍ ഭാവിയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കാതിരിക്കാന്‍ രേഖാമൂലമുള്ള ഉത്തരവുകളൊന്നും ഇറക്കിയിരുന്നില്ല. പകരം പിഴ ഒഴിവാക്കേണ്ട ഇത്തരം വാഹനങ്ങളുടെ നമ്പറുകള്‍ സാങ്കേതിക വിദഗ്ധര്‍ക്ക് രഹസ്യമായി കൈമാറുകയാണ് ചെയ്തത്.

ഇത്തരത്തില്‍ എ.ഐ. ക്യാമറ സിസ്റ്റത്തില്‍ ഒഴിവാക്കിയ വിജിലന്‍സ് വാഹനങ്ങളുടെ വിവരങ്ങളും സാങ്കേതിക സംവിധാനങ്ങളും ദുരുപയോഗം ചെയ്താണ് അന്വേഷണ സംഘങ്ങളുടെ സഞ്ചാരപഥം ചോര്‍ത്തുന്നത്. വിജിലന്‍സ് വാഹനങ്ങള്‍ എവിടെയൊക്കെ കടന്നുപോകുന്നുവെന്ന് തത്സമയം കണ്ടെത്തി, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാന്‍ ഈ വിഐപി വെഹിക്കിള്‍ ട്രാക്കിങ് ഉപയോഗിക്കുന്നുണ്ടോ എന്ന ഗുരുതര ചോദ്യമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.

അഴിമതി വിരുദ്ധ നീക്കങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ പ്രധാന മോട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. കൊട്ടാരക്കര എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍ റൂം, കൊല്ലം, കരുനാഗപ്പള്ളി ആര്‍.ടി. ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധന പൂര്‍ത്തിയാക്കിയത്.

തിരുവനന്തപുരത്തുനിന്നെത്തിയ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും സൈബര്‍ വിഭാഗവും സംയുക്തമായാണ് കഴിഞ്ഞ ജൂലായ് 24-ന് സര്‍പ്രൈസ് പരിശോധന നടത്തിയത്. എ.ഐ. ക്യാമറ സംവിധാനങ്ങള്‍ക്ക് തത്സമയ നിരീക്ഷണ ശേഷിയില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ കണ്‍ട്രോള്‍ റൂമുകളില്‍ നടത്തിയ ഈ വിശദമായ മിന്നല്‍ പരിശോധനയെക്കുറിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എ.ഐ. ക്യാമറകള്‍ വഴി വിജിലന്‍സ് വാഹനങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് കൊല്ലം വിജിലന്‍സ് യൂണിറ്റ് നല്‍കിയ രഹസ്യ വിവരത്തിന്റേയും റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. സിസ്റ്റത്തിന്റെ സാങ്കേതിക പങ്കാളികളായ കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അന്വേഷണ സംഘം പ്രധാന കണ്‍ട്രോള്‍ റൂമുകളിലെ കമ്പ്യൂട്ടറുകളും നെറ്റ്‌വര്‍ക്ക് ഡാറ്റയും പരിശോധിച്ചത്.

ക്യാമറകളുടെ സാധാരണ സോഫ്റ്റ്വെയറിലോ ലൈവ് സ്ട്രീമിങ് രീതിയിലോ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും തരത്തിലുള്ള അനധികൃത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നായിരുന്നു പ്രധാനമായും പരിശോധിച്ചത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുകള്‍ക്കായി കൂടുതല്‍ തുടര്‍ അന്വേഷണം നടന്നുവരികയാണെന്നും വിജിലന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഉയര്‍ന്ന ആരോപണങ്ങള്‍ ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം തള്ളി. പരാതികളില്‍ വിജിലന്‍സ് നടത്തുന്ന പരിശോധനകള്‍ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും, മോട്ടോര്‍ വാഹനവകുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു വകുപ്പിന്റെയും വാഹനങ്ങളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും നിയമലംഘനം നടത്തിയാല്‍ എല്ലാവര്‍ക്കും പിഴയീടാക്കുന്നുണ്ടെന്നും ഗതാഗത കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

മോട്ടോര്‍ വാഹനവകുപ്പിന്റെ എ.ഐ. ക്യാമറകള്‍ക്ക് തത്സമയ നിരീക്ഷണ സംവിധാനമോ, ലൈവ് അലര്‍ട്ട് വീഡിയോ റെക്കോഡിങ് സംവിധാനമോ ഇല്ലെന്നാണ് വകുപ്പ് നല്‍കുന്ന സാങ്കേതിക വിശദീകരണം. നിയമലംഘനം നടക്കുമ്പോള്‍ വാഹനങ്ങളുടെ നിശ്ചലദൃശ്യം മാത്രമാണ് സിസ്റ്റം റെക്കോഡ് ചെയ്യുന്നത്. ഇത് നേരിട്ട് സ്റ്റേറ്റ് സെന്‍ട്രല്‍ ഡേറ്റാ സെന്ററിലേക്കാണ് പോകുന്നത് എന്നതിനാല്‍ തത്സമയം വാഹനം ട്രാക്ക് ചെയ്യാനോ ചോര്‍ത്താനോ കഴിയില്ലെന്നാണ് വകുപ്പിന്റെ വാദം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t