നദികളില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മണലും എക്കലും കൃത്യമായി നീക്കം ചെയ്യാത്തതും, ഒഴുക്ക് തടസ്സപ്പെട്ടതുമാണ് നദികള്‍ പെട്ടെന്ന് നിറഞ്ഞുകവിയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നദികളിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന രീതിയില്‍ മണല്‍ അടിയുന്നതും അതിനോടൊപ്പം ചില പ്രദേശങ്ങളില്‍ ചതുപ്പുകളും തോടുകളും വ്യാപകമായി നികത്തിയതും കയ്യേറിയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇതോടെ മഴവെള്ളത്തിന് ഒഴുകിപ്പോകാന്‍ വഴികളില്ലാതെ വരികയും വെള്ളക്കെട്ട് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുകയും ചെയ്യുകയാണ്.
പ്രളയത്തിന് പിന്നാലെ നദികളില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെടുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സാന്റ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മണല്‍ ലഭ്യത കണ്ടെത്തിയ 8 ജില്ലകളിലെ 17 നദികളില്‍ നിന്നു മണല്‍ വാരുന്നതിനായി 2025 മേയിലാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനും നദികളുടെ സംഭരണശേഷി കൂട്ടാനും ഈ തീരുമാനം വഴിവെക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തയാറാക്കിയ 12 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചുകൊണ്ടായിരുന്നു അന്ന് റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നദികളുടെ സുരക്ഷയും സ്വാഭാവിക ഒഴുക്കും ഉറപ്പാക്കുന്നതിനൊപ്പം കെട്ടിട നിര്‍മ്മാണ മേഖലയിലെ കടുത്ത മണല്‍ക്ഷാമത്തിന് പരിഹാരമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.
എന്നാല്‍, ആദ്യഘട്ടത്തില്‍ പമ്പാ നദിയില്‍ നിന്ന് മണല്‍ വാരുന്നതിനായി ക്ഷണിച്ച ടെന്‍ഡര്‍ നടപടികള്‍ വന്‍ നിയമക്കുരുക്കില്‍ പെടുകയായിരുന്നു. ഇതോടെ മറ്റ് നദികളില്‍ നടത്താനിരുന്ന ടെന്‍ഡര്‍ നടപടികളും പൂര്‍ണ്ണമായി മുടങ്ങി. നിയമപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉയര്‍ന്ന പ്രതിഷേധങ്ങളും കോടതി നടപടികളുമാണ് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായത്.
പരിസ്ഥിതി സംഘടനകളുടെയും ചില കോണുകളില്‍ നിന്നുള്ള പരിസ്ഥിതി സ്‌നേഹികളുടെയും എതിര്‍പ്പുകളെ ഭയന്ന് സര്‍ക്കാര്‍ വിഷയത്തില്‍ മെല്ലേപ്പോക്ക് നയം സ്വീകരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നദികളില്‍ നിന്ന് മണല്‍ വാരുന്നത് പാരിസ്ഥിതിക നാശത്തിന് വഴിവെക്കുമെന്ന വാദമുയര്‍ത്തി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അധികൃതര്‍ മടിച്ചു നില്‍ക്കുകയായിരുന്നു.
അതേസമയം, നിലവിലെ കടുത്ത വെള്ളപ്പൊക്ക സാഹചര്യത്തില്‍ നിയമക്കുരുക്കുകള്‍ വേഗത്തില്‍ പരിഹരിച്ച് നദികളില്‍ നിന്ന് ആവശ്യത്തിന് മണല്‍ നീക്കം ചെയ്യണമെന്ന ആവശ്യം വിവിധ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നദികളുടെ ആഴം കൂട്ടാതെ പ്രളയ ഭീഷണി നേരിടാനാകില്ലെന്നാണ് ഇവരുടെ പക്ഷം.
വര്‍ഷങ്ങളായി ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നതിനാല്‍ നദികളുടെ സംഭരണശേഷി പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഇതിനാല്‍ തന്നെയാണ് ഒന്നോ രണ്ടോ മണിക്കൂര്‍ കനത്ത മഴ പെയ്യുമ്പോള്‍ തന്നെ ജനവാസ മേഖലകളിലേക്ക് വെള്ളം ഇരച്ചു കയറുന്നത് എന്ന് ദുരന്തനിവാരണ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണല്‍ കൃത്യമായി മാറ്റിയാല്‍ നദികളുടെ സംരക്ഷണത്തിനൊപ്പം തന്നെ സംസ്ഥാനത്തെ നിര്‍മ്മാണ മേഖല നേരിടുന്ന വിലക്കയറ്റത്തിനും മണല്‍ക്ഷാമത്തിനും അത് വലിയ പരിഹാരമാകുമായിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും മെല്ലേപ്പോക്കും കാരണം പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെ വിശ്രമിക്കുകയാണ്.
വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ, നദികളിലെ തടസ്സങ്ങള്‍ നീക്കാനും മണല്‍ നീക്കം ചെയ്യുന്നതിലെ നിയമതടസ്സങ്ങള്‍ മാറ്റാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും വരും വര്‍ഷങ്ങളിലും സമാനമായ പ്രളയദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ചെറിയൊരു മഴയില്‍ പോലും പല നദികളും പൊടുന്നനെ കരകവിഞ്ഞൊഴുകി ജനവാസമേഖലകളെ മുക്കുന്ന അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു : നദികള്‍ പൊടുന്നനെ കരകവിഞ്ഞൊഴുകിയതിന് പിന്നിലെ പ്രധാനകാരണം ഇതാണ് ...
Advertisement
Advertisement
Advertisement