തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ മീന്‍പിടിത്ത വിലക്കും തുടരുകയാണ്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
അതേസമയം, സംസ്ഥാനത്ത് ഇന്നലെയുണ്ടായ മഴക്കെടുതിയിൽ എട്ട് പേരാണ് മരിച്ചത്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ രാത്രി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു.
ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. മലപ്പുറത്ത് രണ്ട് കുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപെട്ട് മൂന്ന് വയസുകാരൻ അബ്ദുൽ മുഹൈനി, കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസ്സുകാരൻ ആദം അയ്മൻ എന്നിവരാണ് മരിച്ചത്. ഇടുക്കി കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.
സംസ്ഥാനത്ത് ഇന്ന് കൂടി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് !!
Advertisement
Advertisement
Advertisement