breaking news New

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരടക്കമുള്ളവര്‍ക്കെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണതകള്‍ പാടില്ലെന്നും, ലോകചരിത്രം പരിശോധിച്ചാല്‍ ഏകാധിപതികള്‍ എവിടെയായാലും തകര്‍ന്നടിഞ്ഞിട്ടുള്ള കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്‍എസ്എസിനെ അധിക്ഷേപിച്ചുവെന്ന ആരോപണങ്ങളും കെ.ബി. ഗണേഷ് കുമാര്‍ തള്ളി. സതീശന്‍ തന്റെ സുഹൃത്താണെന്നും, അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവര്‍ക്കുമായി തുറന്നു നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവര്‍ക്കും സമാധി മന്ദിരത്തില്‍ വന്ദിക്കാനുള്ള അവസരം നല്‍കണമെന്നും കെ ബ ഗണേഷ് കുമാര്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹം എന്താണ് പ്ലാന്‍ ചെയ്തതെന്ന് തനിക്കറിയില്ല. അദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണെന്ന പരിഗണന നല്‍കണം. എന്‍എസ്എസില്‍ ഇപ്പോള്‍ വേണ്ടത് ഏകാധിപത്യ പ്രവണതകളല്ലെന്നും, മറിച്ച് കുറച്ചുകൂടി സ്‌നേഹവും മര്യാദയുമാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗണേഷ് കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കി. പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാകുന്ന പൊതിച്ചോര്‍ വിതരണം ഏത് പാര്‍ട്ടി നടത്തിയാലും അത് തടയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി, കോവിഡ് കാലത്തിന് മുന്‍പ് തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രികളില്‍ കൃത്യമായി ഭക്ഷണം എത്തിക്കുന്നുണ്ട്. ജോലിക്ക് പോകാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇതൊരു വലിയ ആശ്വാസമാണെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

പൊതിച്ചോര്‍ വിതരണം എന്നത് ഒരു ശുദ്ധമായ ചാരിറ്റബിള്‍ പ്രവര്‍ത്തനമാണെന്നും അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ ഒരു രാഷ്ട്രീയ നീക്കമായി കാണുന്നതിന് പകരം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കുകയാണ് വേണ്ടത്. ആരോഗ്യരംഗത്ത് പരിഹരിക്കേണ്ട യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മരുന്നുകളുടെ ലഭ്യതയും ആശുപത്രി സൗകര്യങ്ങളുമാണെന്നും, ഇത്തരം കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t