രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ 12.50 വരെയാണ് 15 മുതല്‍ 30 മിനിറ്റു വരെ വൈദ്യുതി മുടങ്ങുകയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ തവണയായി ഒന്നര മണിക്കൂറോളം വൈദ്യുതി മുടങ്ങി.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്നതുമാണ് പ്രതിസന്ധിക്ക് കാരണമായി പുറമേ പറയുന്നതെങ്കിലും കെഎസ്ഇബിയുടെ പിടിപ്പുകേടിന്റെ ഫലമാണിത്. യൂണിറ്റിന് 4.26 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ സാങ്കേതികവും നടപടിക്രമങ്ങളിലെ പിഴവും കാരണം റദ്ദായതും പുരപ്പുറ സോളാര്‍ പദ്ധതിക്ക് ബോധപൂര്‍വം ഇടങ്കോലിട്ടതുമാണ് പ്രശ്‌നകാരണം. സൗരോര്‍ജം സംഭരിക്കാനുള്ള അഞ്ച് പ്രധാന വന്‍കിട ബാറ്ററി സംഭരണ ശൃംഖലയുടെ (ബിഇഎസ്എസ്) നിര്‍മാണം പൂര്‍ത്തിയാക്കാനാകാത്തത് മറച്ചുവച്ചാണ് സോളാര്‍ പദ്ധതി നഷ്ടമെന്ന് പറഞ്ഞ് കെഎസ്ഇബി നിരുത്സാഹപ്പെടുത്തിയത്.
മഴക്കുറവെന്നത് ന്യായീകരണം മാത്രമാണ്. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 90 മുതല്‍ 100 മില്യണ്‍ യൂണിറ്റോളം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഉത്പാദിപ്പിക്കുന്നത് 15 മുതല്‍ 16 മില്യണ്‍ വരെ മാത്രം. 30 മുതല്‍ 35 മില്യണ്‍ യൂണിറ്റ് കേന്ദ്ര വിഹിതമാണ്. ബാക്കി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വില കൊടുത്തു വാങ്ങുന്നതും. ഇതില്‍ കരാര്‍ പുതുക്കുന്നതിലെ വീഴ്ചയാണ് ഗുരുതര പ്രതിസന്ധിക്കു കാരണം.
പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വകാല പര്‍ച്ചേസ് കരാറുകള്‍ക്കു റഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചെങ്കിലും വില കൂടുതലെന്നു പറഞ്ഞ് കെഎസ്ഇബി ഒഴിഞ്ഞുമാറുകയാണ്. പകരം പീക്ക് സമയത്ത് വൈദ്യുതി വിതരണം തടഞ്ഞ് പ്രതിസന്ധി പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. റെഗുലേറ്ററി കമ്മിഷന്‍ 2.93 രൂപ നിരക്കില്‍ ദീര്‍ഘകാല പര്‍ച്ചേസ് കരാറിന് അനുമതി നല്കിയെങ്കിലും നടപടിക്രമങ്ങള്‍ കരടുരേഖ തയാറാക്കല്‍ വരെയേ ആയുള്ളൂ.
കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍
Advertisement
Advertisement
Advertisement