breaking news New

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ ഇന്നു രാത്രി യാത്ര തിരിക്കും : കേരളത്തിന് ഇത് അഭിമാന നിമിഷം ...

ഇന്ത്യന്‍ സമയം രാത്രി 8.17ന് കസഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് യാത്ര. എക്‌സ്‌പെഡിഷന്‍ 75ന്റെ ഭാഗമായാണ് ഡോ അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യം. റഷ്യയുടെ സോയൂസ് എംഎസ് 29 പേടകത്തിലാണ് സംഘം യാത്ര തിരിക്കുക. റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്. എട്ട് മാസമാണ് ഇവര്‍ ബഹിരാകാശ നിലയത്തില്‍ കഴിയുക.

ഭാരത സമയം രാത്രി 11.56ഓടെ പേടകം ബഹിരാകാശ നിലയവുമായി വിജയകരമായി ഡോക്ക് ചെയ്യും. തുടർന്ന് ബുധനാഴ്ച പുലർച്ചെ 1.25ഓടെ അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിന്റെ എഴുപത്തിയഞ്ചാമത് പര്യവേഷണത്തിന്റെ ഭാഗമായി നിലയത്തിനുള്ളിലേക്ക് പ്രവേശിക്കും.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്ത് അധികം വൈകാതെ സ്‌പേസ് സ്റ്റേഷനില്‍ ഇപ്പോഴുള്ള നാസ ആസ്‌ട്രോനോട്ടുകളായ ജസീക്ക മീര്‍, ജാക്ക് ഹഥാവേ, ക്രിസ് വില്യംസ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആസ്‌ട്രോനോട്ട് സോഫി അഡെനോട്ട്, റോസ്‌കോസ്‌മോസ് കോസ്‌മോനോട്ടുകളായ സെര്‍ജി കുഡ് സ്വര്‍ച്ച്‌കോവ്, സെര്‍ജി മൈക്കേവ്, ആന്‍ഡ്രി ഫെഡ്‌യായേവ് എന്നിവര്‍ക്കൊപ്പം ചേരും.

നാസയുടെ യൂ ട്യൂബ് ചാനലില്‍ ഇത് ലൈവായി കാണിക്കുന്നുണ്ട്. ആമസോണ്‍ പ്രൈമിലും ലൈവുണ്ട്.

മിനിയാപൊളിസിൽ ഉക്രേനിയൻ -‍ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ മകനായാണ് 49കാരനായ അനിൽ മേനോൻ ജനിച്ചത്. മികച്ച എമർജൻസി വിഭാഗം ഡോക്ടർ കൂടിയായ അദ്ദേഹം നിലവിൽ യുഎസ് സ്‌പേസ് ഫോഴ്‌സിലെ കേണലാണ്. മുൻപ് യുഎസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് അഫ്ഗാനിസ്ഥാനിലെ യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിച്ച അറിവും അനിൽ മേനോനുണ്ട്.

2014ൽ നാസയിൽ ഫ്ലൈറ്റ് സർജനായാണ് അനിൽ മേനോൻ തന്റെ ബഹിരാകാശ മേഖലയിലെ കരിയർ ആരംഭിക്കുന്നത്. ബഹിരാകാശ നിലയത്തിൽ താമസിച്ചു ജോലി ചെയ്യുന്ന സഞ്ചാരികളുടെ ആരോഗ്യസംരക്ഷണ ചുമതലയായിരുന്നു അദ്ദേഹത്തിന്. തുടർന്ന് 2018ൽ സ്‌പേസ് എക്‌സിൽ ചേർന്ന അദ്ദേഹം കമ്പനിയുടെ മെഡിക്കൽ വിഭാഗത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രക്ക് മുന്നൊരുക്കങ്ങൾ നടത്താൻ നേതൃത്വം നൽകുകയും ചെയ്തു. മനുഷ്യരാശിയുടെ ഭാവി സ്വപ്നമായ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്കായി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് പേടകത്തിന്റെ നിർമാണ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു.

2021 ഡിസംബറിലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് രണ്ടു വർഷത്തെ കഠിനമായ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയാണ് അദ്ദേഹം ഇപ്പോൾ തന്റെ സ്വപ്ന ദൗത്യത്തിലേക്ക് ചുവടുവെക്കുന്നത്.

ഡോക്ടറും എഞ്ചിനീയറുമായ അനില്‍ മേനോന്റെ കുടുംബവേരുകള്‍ പാലക്കാടാണുള്ളത്. പിതാവ് ശങ്കരന്‍ മേനോന്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. അനില്‍ മേനോന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ ചരിത്രത്തില്‍ സ്വന്തം ഇടം നേടിയിട്ടുണ്ട്. സ്വകാര്യ ബഹിരാകാശ ദൗത്യമായ പോളാരിസ് ഡോണ്‍ ദൗത്യസംഘത്തിലെ അംഗമായിരുന്ന അന്ന, ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്കുള്ള മനുഷ്യന്റെ സ്വകാര്യ ബഹിരാകാശ യാത്രയുടെ ഭാഗമായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t