breaking news New

സംഗീതം ദൈവികമെങ്കില്‍ ആ ദൈവീകതയെ മുഴുവന്‍ അനുഭവിച്ച ഗായികയായിരുന്നു എസ്. ജാനകി : മലയാളിയല്ലാതിരുന്നിട്ടും മലയാള ഭാഷയോട് നീതി പുലര്‍ത്തിയ മലയാളത്തിന്റെ ദത്തുപുത്രി : ആദരാഞ്ജലികൾ ...

തന്നിലെ സംഗീതത്തെ മുഴുവന്‍ ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കി, 2016ല്‍ സംഗീത ലോകത്തുനിന്ന് സ്വയം വിരമിച്ചു. പാടി മതിയായില്ല എന്ന് പരിഭവിക്കുന്നവര്‍ക്കിടയില്‍ എസ്. ജാനകി എന്ന സംഗീത വസന്തം മറ്റൊരു വിസ്മയമായി. സംഗീത സാഗരത്തിലെ ഓരോ കുഞ്ഞോളങ്ങളിലും ആ സംഗീത രാജ്ഞിയുടെ പേര് അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.

ജാനകിയമ്മ ആലപിച്ച ഗാനങ്ങളില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുക അസാധ്യം. അത്രത്തോളം വൈവിധ്യം നിറഞ്ഞതാണ് ജാനകിയമ്മയുടെ പേരിലുള്ള ഗാനശേഖരം. മലയാളിയല്ലെങ്കിലും മലയാളത്തിന്റെ ദത്തുപുത്രിയാണ് എസ്. ജാനകി. ആ ഗാനകോകിലത്തോട് അത്രമാത്രം സ്‌നേഹമുണ്ട് പുതുതലമുറയ്‌ക്ക് പോലും. സ്വരശുദ്ധിയും ഉച്ചാരണ ശുദ്ധിയും ജാനകിയമ്മയുടെ പാട്ടുകളില്‍ എടുത്തുപറയേണ്ടുന്ന സവിശേഷതകളാണ്.

ഏത് സ്ഥായിയിലും സ്ഥിരതയോടെ പാടാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. കൊച്ചുകുട്ടിയുടെ ശബ്ദത്തില്‍ പാടണോ, അതിനും ജാനകിയമ്മ റെഡി. തുമ്പി വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം, തുടങ്ങിയ ഗാനങ്ങള്‍ അതിന് ഉദാഹരണം.

ഭാവാര്‍ദ്രമായിരുന്നു ജാനകിയമ്മയുടെ ഗാനങ്ങള്‍ ഓരോന്നും. ഗാനസന്ദര്‍ഭത്തിനൊത്ത് ഭാവഭേദങ്ങള്‍ ആലാപനത്തിലും വരുത്താന്‍ ശ്രദ്ധിച്ചിരുന്നു. മൗനം പോലും മധുരം, തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി, രാകേന്ദു കിരണങ്ങള്‍ ഒളിവിശീയില്ല, തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍, അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി, മൈനാകം കടലില്‍ നിന്നുയരുന്നുവോ, സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ, നാഥാ നീ വരും കാലൊച്ച കേള്‍ക്കാന്‍, സൂര്യകാന്തി സൂര്യകാന്തീ സ്വപ്‌നം കാണുവതാരെ, ഒരുകൊച്ചു സ്വപ്‌നത്തില്‍ ചിറകുമായവിടുത്തെ, മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍, മിഴിയോരം നനഞ്ഞൊഴുകും.., അങ്ങനെ എത്രയെത്ര ഗാനങ്ങളാണ് ആ നാദധാരയിലൂടെ മലയാളിക്ക് ആസ്വദിക്കാനായി ലഭിച്ചിരിക്കുന്നത്.

കന്നഡയിലാണ് ജാനകിയമ്മ കൂടുതല്‍ പാട്ടുകള്‍ പാടിയിരിക്കുന്നത്. എസ്.പി. ബാലസുബ്രഹ്‌മണ്യം, പി.ബി. ശ്രീനിവാസ്, ഡോ. രാജ്കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് യുഗ്മഗാനങ്ങള്‍ ഏറെയും ആലപിച്ചിരിക്കുന്നത്. കന്നഡ സിനിമയ്‌ക്കും സംഗീതത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കിയിരുന്നു. പാടിയതില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തിയ ഗാനവും കന്നഡ സിനിമയായ ഹേമവതിയിലെ ശിവശിവ എന്നട എന്ന ഗാനമായിരുന്നു. നാല് മിനിട്ട് ദൈര്‍ഘ്യമുള്ള ആ ഗാനം തോടി, ആഭോഗി എന്നീ രാഗങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. എല്‍. വൈദ്യനാഥനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്.

ബാല്യത്തിലേ തന്നെ സംഗീത വാസന പ്രകടിപ്പിച്ചിരുന്നു. എങ്കിലും ശരിയായ സംഗീത വിദ്യാഭ്യാസം അവര്‍ക്ക് ലഭിച്ചിരുന്നില്ല. ഏതാനും മാസം പൈദിസ്വാമി എന്ന നാദസ്വരവിദ്വാന് കീഴില്‍ പഠിക്കാന്‍ ആരംഭിച്ചെങ്കിലും അത് തുടര്‍ന്നില്ല. ഭഗവാന്റെ അനുഗ്രഹം ജാനകിയ്‌ക്ക് വേണ്ടുവോളം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഗുരുനാഥന്റെ അഭിപ്രായം.

മലയാളിയല്ലാതിരുന്നിട്ടും മലയാള ഭാഷയോട് നീതി പുലര്‍ത്തിയ ഗായികയായിരുന്നു അവര്‍. വരികളുടെ അര്‍ത്ഥം മനസിലാക്കി, എല്ലാ ഭാവവും ഉള്‍ക്കൊണ്ട്, ഉച്ചാരണ ശുദ്ധിയോടെയായിരുന്നു ജാനകിയമ്മയുടെ ആലാപനം. തുടക്ക കാലത്ത് ആറ് ഭാഷകളില്‍ വരെ പാടാനുള്ള അവസരം ലഭിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t