ലക്ഷങ്ങളുടെ വെട്ടിപ്പില്‍ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കി. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവരടങ്ങുന്ന കമ്മിഷനെയാണ് സംസ്ഥാന അധ്യക്ഷന്‍ നിയോഗിച്ചത്. സമിതി റിപ്പോര്‍ട്ടില്‍ കുറ്റക്കാരായ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും തെറിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കൊടകര ഫണ്ട് വിവാദം മുന്നിലുള്ളതിനാല്‍ പഴുതടച്ചാണ് ഫണ്ട് വിതരണം നടത്തിയത്. എന്നിട്ടും ലക്ഷങ്ങളുടെ ഫണ്ട് വെട്ടിപ്പ് നടന്നുവെന്നതാണ് കേന്ദ്ര നേതൃത്വത്തെ അലട്ടുന്നത്. അതുകൊണ്ട് തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വം കര്‍ശന നടപടിക്ക് നിര്‍ദ്ദേശിച്ചത്.
ബിജെപിയുടെ കൊടികള്‍ വിതരണം ചെയ്യാനുള്ള കരാറും ഹെലികോപ്റ്റര്‍ അടക്കമുള്ള കരാറുകളുമാണ് പാര്‍ട്ടിയില്‍ പുകയുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി, സെക്രട്ടറി, ട്രഷറർ, ഓഫീസ് സെക്രട്ടറി എന്നിവരാണ് കരാറുകളുമായി ബന്ധപ്പെട്ട് ആരോപണവിധേയരായത്. കുറ്റക്കാര്‍ ആണെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് എതിരേ കര്‍ശന നടപടി വരും. അതിനിടയില്‍ സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്നു നേതാക്കളെ ചുമതലയിൽനിന്നു നീക്കിയെന്നുകാട്ടി രാജീവ് ചന്ദ്രശേഖറിന്‍റെ പേരിലുള്ള സർക്കുലർ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് നിഷേധക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. പക്ഷെ ഫണ്ട് വിവാദം പുകയുക തന്നെയാണ്.
കേന്ദ്ര നേതൃത്വമാണ് കേരളത്തിലേക്ക് കൊടികള്‍ എത്തിക്കുന്നത്. ഇക്കുറി കൊടികള്‍ എത്താന്‍ വൈകി. അതോടെ യുപി ആസ്ഥാനമായ കമ്പനിക്ക് കൊടികള്‍ എത്തിക്കാന്‍ കരാര്‍ നല്‍കി. 1.75 കോടി രൂപക്കാണ് കരാര്‍ നല്‍കിയത്. ഇതിലാണ് തിരിമറി സംശയിക്കുന്നത്. കരാര്‍ ഉറപ്പിക്കാന്‍ കൂട്ടുനിന്നവര്‍ക്ക് എല്ലാം കമ്മിഷന്‍ ലഭിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. യുപി കമ്പനി ആണെങ്കിലും ഉടമകള്‍ കേരള നേതാക്കളുമായി ബന്ധപ്പെട്ടവരാണ് എന്ന വിവരവും പുറത്തുവന്നതോടെ ആരോപണങ്ങള്‍ക്ക് ശക്തി കൂടി.
കൊടികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്ളവര്‍ക്ക് ക്വട്ടേഷന്‍ തുകകള്‍ അറിയാം. യുപി കമ്പനിയുടെ ക്വട്ടേഷന്‍ മറ്റ് കമ്പനികളുടെ ക്വട്ടേഷനെക്കാള്‍ കുറവായിരുന്നു. സ്വാഭാവികമായും അവര്‍ക്ക് തന്നെ കരാര്‍ ലഭിച്ചു.
അതേസമയം കേന്ദ്ര നേതൃത്വവും കൊടികള്‍ എത്തിച്ചു. ഈ കൊടികള്‍ക്ക് പണം നല്‍കിയില്ല. രണ്ട് കോടിയോളം രൂപ ലഭിക്കാതായപ്പോള്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നും പണം നല്‍കാന്‍ നിര്‍ദ്ദേശം വന്നു. ഇതോടെ ഈ കൊടികള്‍ക്ക് പണം ലഭിച്ചു. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ ക്വട്ടേഷന്‍ പ്രകാരമുള്ള രണ്ട് കോടിയുടെ കൊടികളും കേരളത്തിലെത്തി. ഇതോടെ കൊടികളുടെ പൂരമായി. ഇത്ര കൊടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഇതെല്ലാം ഗോഡൌണിലേക്ക് മാറ്റുകയും ചെയ്തു. നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത കരാറിലും വാഹനങ്ങള്‍ വ്യാപകമായി വാടകയ്ക്ക് എടുത്തതിലും ഇതേ അഴിമതികള്‍ മണക്കുന്നുമുണ്ട്.
ഇത്രയൊക്കെ ശ്രദ്ധ ചെലുത്തിയിട്ടും ഫണ്ട് വെട്ടിപ്പ് നടന്നതില്‍ രാജീവ് ചന്ദ്രശേഖര്‍ കടുത്ത അതൃപ്തിയിലാണ്. ഈ അതൃപ്തി അദ്ദേഹം കോര്‍ കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും കുമ്മനത്തിന്റെ സമിതി റിപ്പോര്‍ട്ട് ഈ കാര്യത്തില്‍ നിര്‍ണായകമാണ്. ഈ റിപ്പോര്‍ട്ട് പ്രകാരമാകും നേതാക്കള്‍ക്ക് എതിരേ നടപടി വരുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന്റെ പാശ്ചാത്തലത്തില്‍ ബിജെപിയില്‍ വലിയ ശുദ്ധീകരണത്തിനു വഴിതെളിഞ്ഞിരിക്കുകയാണ്. ആരൊക്കെ പുറത്താകും എന്ന് കാത്തിരുന്നു കാണേണ്ട കാര്യവുമാണ്.
ബിജെപിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം പാര്‍ട്ടിയില്‍ നല്ലവണ്ണം പുകയുന്നു : ബിജെപി ഫണ്ട് തട്ടിപ്പ് അന്വേഷിക്കാന്‍ കുമ്മനം സമിതി
Advertisement
Advertisement
Advertisement