breaking news New

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കില്‍ മേധാവിത്വം ഉറപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു !!

ഈ ആഴ്ച എണ്ണക്കപ്പലുകള്‍ക്ക് നേരെ വീണ്ടും ശക്തമായ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം കുത്തനെ ഇടിഞ്ഞു. യുദ്ധത്തിന് മുന്‍പ് പ്രതിദിനം ശരാശരി 138 കപ്പലുകള്‍ സഞ്ചരിച്ചിരുന്ന സ്ഥാനത്ത്, കഴിഞ്ഞ ബുധനാഴ്ച വെറും 23 കപ്പലുകള്‍ മാത്രമാണ് കടന്നുപോയതെന്ന് അന്താരാഷ്ട്ര മാരിടൈം രഹസ്യാന്വേഷണ ഏജന്‍സിയായ ക്ലെപ്ലര്‍ വ്യക്തമാക്കുന്നു. സമാധാന കരാറിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ആരംഭിച്ച ആക്രമണ പ്രത്യാക്രമണങ്ങള്‍ മധ്യപൂര്‍വേഷ്യയെ വീണ്ടും വന്‍ സാമ്പത്തിക-സൈനിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ഗതാഗതത്തിന് ഇറാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് നിലവിലെ പുതിയ ഏറ്റുമുട്ടലിലേക്ക് വഴിതുറന്നത്. കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളുടെയും പൂര്‍ണ്ണ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് ഇറാന്റെ ഖാത്തം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്സ് പ്രഖ്യാപിക്കുകയായിരുന്നു. തങ്ങളുടെ തീരത്തോട് ചേര്‍ന്നുള്ള പ്രത്യേക സുരക്ഷിത പാതയിലൂടെ മാത്രമേ വിദേശ കപ്പലുകള്‍ സഞ്ചരിക്കാവൂ എന്നും ഇറാന്‍ സൈനിക കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമെ കപ്പലുകളില്‍ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനുള്ള നീക്കങ്ങളും ഇറാന്‍ സജീവമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇറാന്റെ ഈ ഏകപക്ഷീയ നീക്കത്തെ ശക്തിയായി എതിര്‍ത്ത അമേരിക്ക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സ്വതന്ത്ര പാത പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഒമാന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്കന്‍ പാത ഉപയോഗിക്കാന്‍ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ മാരിടൈം ഗ്രൂപ്പ് കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഭൂരിഭാഗം കപ്പലുകളും ഇറാന്റെ പാത ഒഴിവാക്കി ഒമാന്‍ പാത തിരഞ്ഞെടുക്കാന്‍ തുടങ്ങുകയും കപ്പല്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ അമേരിക്കയുടെ ഈ നീക്കത്തിന് പിന്നാലെ ഒമാന്‍ പാതയിലൂടെ സഞ്ചരിച്ച മൂന്ന് പ്രധാന വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള എല്‍എന്‍ജി ടാങ്കര്‍, സൗദിയുടെ ക്രൂഡ് ഓയില്‍ ടാങ്കര്‍, ലൈബീരിയന്‍ പതാകയുള്ള മറ്റൊരു ടാങ്കര്‍ എന്നിവയ്ക്ക് നേരെയാണ് ഒമാന്‍ അതിര്‍ത്തിക്ക് സമീപത്തുവെച്ച് കടല്‍ ആക്രമണം ഉണ്ടായത്. തങ്ങള്‍ നിര്‍ദ്ദേശിച്ച പാത അല്ലാതെ മറ്റു വഴികള്‍ ഉപയോഗിക്കുന്നവര്‍ക്ക് നേരെ നടപടിയുണ്ടാകുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഈ സംഭവം.

ഈ പുതിയ ആക്രമണ പരമ്പരയോടെ ഒമാന്‍ പാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇപ്പോള്‍ പൂര്‍ണ്ണമായും നിലച്ച മട്ടാണ്. ചൊവ്വാഴ്ച മൂന്ന് കപ്പലുകള്‍ ഈ വഴി കടന്നുപോയ സ്ഥാനത്ത് ബുധനാഴ്ച ഒരു കപ്പല്‍ പോലും ഈ പാത ഉപയോഗിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറാന്റെ നാവികസേനാ പട്രോളിംഗും മുന്‍പ് കടലില്‍ സ്ഥാപിച്ചിട്ടുള്ള അണ്ടര്‍വാട്ടര്‍ മൈനുകളും കപ്പല്‍ കമ്പനികളില്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 17-ന് ഒപ്പുവെച്ച താല്‍ക്കാലിക സമാധാന കരാറിലെ സുപ്രധാന വ്യവസ്ഥകള്‍ ഇറാന്‍ ലംഘിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ ആരോപിച്ചു. കരാര്‍ പ്രകാരം 60 ദിവസത്തേക്ക് തടസ്സമില്ലാത്തതും സൗജന്യവുമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കുമെന്നാണ് ഇറാന്‍ സമ്മതിച്ചിരുന്നത്. എന്നാല്‍ ഒമാന്‍ പാതയിലെ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തോടെ ഈ താത്കാലിക കരാര്‍ പൂര്‍ണ്ണമായും അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നീക്കത്തിന് മറുപടിയായി, ഇറാന്റെ എണ്ണ കയറ്റുമതിക്കായി മുന്‍പ് അനുവദിച്ചിരുന്ന താല്‍ക്കാലിക ഉപരോധ ഇളവുകള്‍ അമേരിക്ക പെട്ടെന്ന് തന്നെ റദ്ദാക്കി. എന്നാല്‍ ഇതിലും കടുത്ത ഭാഷയിലാണ് ഇറാന്റെ സായുധ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ്‌സ് പ്രതികരിച്ചത്. ഹോര്‍മുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലും വിദേശ ശക്തികള്‍ക്ക് യാതൊരു അവകാശവുമില്ലെന്നും, കപ്പല്‍ പാത നിശ്ചയിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ ക്രഷിംഗ് റെസ്പോണ്‍സ് അഥവാ വന്‍ തിരിച്ചടി നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ലോകത്തിലെ ആകെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും പ്രധാനപ്പെട്ട രാസവള കയറ്റുമതിയും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ പാത പൂര്‍ണ്ണമായി അടയുന്നത് ആഗോള തലത്തില്‍ വന്‍ സാമ്പത്തിക ആഘാതമുണ്ടാക്കും. യുദ്ധം കാരണം ഇതിനകം തന്നെ ലോകവിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ദ്ധിച്ചിട്ടുള്ള സാഹചര്യത്തില്‍, കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നത് വരും ദിവസങ്ങളില്‍ ഇന്ധനക്ഷാമത്തിനും ക്രമാതീതമായ വിലക്കയറ്റത്തിനും വഴിവെക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ഭയപ്പെടുന്നു.

നേരത്തെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന പരോക്ഷ ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും ഇപ്പോഴുണ്ടായ നേരിട്ടുള്ള ആക്രമണങ്ങള്‍ നയതന്ത്ര നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി മാറി. ഖമേനിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം അടുത്തഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഉഭയകക്ഷി കരാറുകള്‍ ലംഘിക്കപ്പെട്ടതോടെ ദോഹയിലെ മധ്യസ്ഥ ശ്രമങ്ങളും ഇപ്പോള്‍ വഴിമുട്ടിയ അവസ്ഥയിലാണ്.

ഇരുരാജ്യങ്ങളും തങ്ങളുടെ കടുത്ത നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടെ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. സമാധാനത്തിന്റെ വാതിലുകള്‍ അടയുകയും സൈനിക നടപടികള്‍ വീണ്ടും ശക്തമാകുകയും ചെയ്യുന്നത് മധ്യപൂര്‍വേഷ്യയെ മാത്രമല്ല, ആഗോള സാമ്പത്തിക ഭൂപടത്തെത്തന്നെ വലിയൊരു അനിശ്ചിതത്വത്തിലേക്കാണ് തള്ളിയിടുന്നത്. നയതന്ത്ര തലത്തിലുള്ള ഉന്നത ഇടപെടലുകള്‍ വഴി മാത്രമേ ഇനി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ എന്ന് പ്രതിരോധ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t