അതിര്‍ത്തികടന്നുള്ള ഭീകരവാദം പൂര്‍ണമായും അവസാനിപ്പിക്കാതെ കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നടപടികള്‍ കാരണമാണ് കരാര്‍ അസാധുവായി തുടരുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കിയിരുന്നു. കരാര്‍ റദ്ദാക്കിയതോടെ, കാലവര്‍ഷക്കാലത്ത് പാക്കിസ്ഥാനു നല്‍കിയിരുന്ന പ്രളയ മുന്നറിയിപ്പുകള്‍ കൈമാറുന്നത് ഇന്ത്യ അവസാനിപ്പിച്ചിരുന്നു. സവാല്‍കോട്ട്, രത്ലെ, ബര്‍സാര്‍, പകാല്‍ ദുള്‍ തുടങ്ങിയ നിരവധി വന്‍കിട ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. പാക്കിസ്ഥാനിലെ കൃഷിയുടെ 80-90 ശതമാനവും സിന്ധുനദിയെ ആശ്രയിച്ചാണ്. നിലവില്‍ അവരുടെ പ്രധാന സംഭരണികളായ തര്‍ബേലയും മംഗ്ലയും ഏതാണ്ട് വറ്റിയ നിലയിലാണ്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട് സിന്ധു നദീജല ഉടമ്പടി (IWT) മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെ കടുത്ത യുദ്ധഭീഷണിയുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ചരിത്രപരമായ ഈ ജലപങ്കാളിത്ത കരാര്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാന്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാതെ കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ന്യൂഡല്‍ഹി. എന്നാല്‍, ഇന്ത്യയുടെ ഈ നീക്കത്തെ 'യുദ്ധപ്രഖ്യാപനമായി' കണക്കാക്കുമെന്നാണ് പാക് സൈന്യവും അവിടുത്തെ പ്രമുഖ രാഷ്ട്രീയ നേതൃത്വവും ഒരേസ്വരത്തില്‍ പ്രതികരിക്കുന്നത്.
പ്രതിരോധ സേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ (കോര്‍ കമാന്‍ഡര്‍മാര്‍) യോഗത്തിലാണ് പാക് സൈന്യം തങ്ങളുടെ യുദ്ധസന്നദ്ധത വ്യക്തമാക്കിയത്. കരാര്‍ പ്രകാരം രാജ്യത്തിന് ലഭിക്കേണ്ട അര്‍ഹമായ ജലവിഹിതം ഉറപ്പാക്കാന്‍ സൈനികപരമായത് ഉള്‍പ്പെടെയുള്ള എല്ലാവിധ നടപടികളും സ്വീകരിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് യോഗം അറിയിച്ചു. സിന്ധു നദിയിലെ വെള്ളം തടയുന്നതോ വഴിതിരിച്ചുവിടുന്നതോ ആയ ഇന്ത്യയുടെ ഏത് നീക്കത്തെയും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതിയുടെ മുന്‍ തീരുമാനത്തിന് യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കൂടാതെ കശ്മീരിന് രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ തുടരുമെന്നും പാക് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനും നാഷണല്‍ അസംബ്ലി അംഗവുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇന്ത്യക്കെതിരെ കടുത്ത യുദ്ധഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സിന്ധു നദിയിലെ വെള്ളത്തെ ഇന്ത്യ ആയുധമാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച ബിലാവല്‍, ജലവിഹിതത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും ഇന്ത്യയുമായി ഒരു യുദ്ധം ചെയ്യേണ്ടി വന്നാല്‍ അതിനും പാക്കിസ്ഥാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
അതേസമയം, പാക്കിസ്ഥാന്‍ തങ്ങളുടെ ശത്രുതാപരമായ നിലപാടും ഭീകരവാദത്തിനുള്ള പിന്തുണയും വിശ്വസനീയവും ശാശ്വതവുമായ രീതിയില്‍ അവസാനിപ്പിക്കുന്നത് വരെ ജലപങ്കാളിത്ത ഉടമ്പടി മരവിപ്പിച്ച നടപടി തുടരാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ കഴിഞ്ഞയാഴ്ചയും ആവര്‍ത്തിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിലാണ് ഈ കടുത്ത തീരുമാനം ഇന്ത്യ കൈക്കൊണ്ടത്. കരാര്‍ റദ്ദാക്കിയതോടെ, മുന്‍കാലങ്ങളില്‍ കാലവര്‍ഷ സമയത്ത് പാക്കിസ്ഥാന് നല്‍കിയിരുന്ന പ്രളയ മുന്നറിയിപ്പുകള്‍ കൈമാറുന്നത് ഇന്ത്യ പൂര്‍ണ്ണമായി അവസാനിപ്പിച്ചു. കൂടാതെ, പടിഞ്ഞാറന്‍ നദികളില്‍ സവാല്‍കോട്ട്, രത്ലെ, ബര്‍സാര്‍, പകാല്‍ ദുള്‍ തുടങ്ങിയ നിരവധി വന്‍കിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണവുമായി ഇന്ത്യ വേഗത്തില്‍ മുന്നോട്ട് പോവുകയാണ്.
ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19ന് കറാച്ചിയില്‍ വെച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ഒപ്പുവെച്ചതാണ് സിന്ധു നദീജല ഉടമ്പടി. ലോകത്തിലെ തന്നെ ഏറ്റവും ശാശ്വതമായ അന്താരാഷ്ട്ര ജലകരാറുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഉടമ്പടി പ്രകാരം കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയുടെ മേല്‍ ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ മേല്‍ പാക്കിസ്ഥാനുമാണ് അവകാശമുള്ളത്. പാക്കിസ്ഥാനിലെ കാര്‍ഷിക മേഖലയുടെ 80 മുതല്‍ 90 ശതമാനവും സിന്ധു നദീവ്യവസ്ഥയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. നിലവില്‍ പാക്കിസ്ഥാനിലെ പ്രധാന ജലസംഭരണികളായ തര്‍ബേലയും മംഗ്ലയും ഏതാണ്ട് വറ്റിയ നിലയിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ജലം തടയുകയോ പദ്ധതികള്‍ വിപുലീകരിക്കുകയോ ചെയ്യുന്നത് പാക്കിസ്ഥാന് വന്‍ തിരിച്ചടിയാകും.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവച്ച ഇന്ത്യയുടെ നീക്കത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി വീണ്ടും പാക്കിസ്ഥാന്
Advertisement
Advertisement
Advertisement