breaking news New

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തി തയ്യാറാക്കുന്ന ഇ20 ഇന്ധനം പഴയ കാറുകളുടെ റബ്ബർ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ( ARAI ) പഠന റിപ്പോർട്ട് !!

രാജ്യത്ത് ഇ20 ഇന്ധനം ഘട്ടങ്ങളായി അവതരിപ്പിക്കാൻ എ ആർ എ ഐ തന്നെ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. ഇ10 ഇന്ധനത്തിന് അനുയോജ്യമായ വാഹനങ്ങളിൽ ഇ20 (E20 Fuel) ഉപയോഗിക്കുന്നത് ഇന്ധന സിസ്റ്റത്തിലെ ഹോസുകൾ, ഗാസ്കറ്റുകൾ, സീലുകൾ, ഒ റിംഗുകൾ തുടങ്ങിയ റബ്ബർ ഭാഗങ്ങളുടെ ഗുണനിലവാരം തകരാൻ കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ഭാഗങ്ങൾ മാറ്റിവെക്കേണ്ടി വന്നേക്കാം (Replacement) എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതുവരെ പരസ്യപ്പെടുത്താത്ത ഈ പഠന റിപ്പോർട്ട് സർക്കാറിന്റെയും വാഹന നിർമ്മാതാക്കളുടെയും പ്രധാന റഫറൻസാണ്.

പരിശോധിച്ച ഒരു വാഹനത്തിലും ലോഹ ഭാഗങ്ങൾക്ക് ഇ20 ഇന്ധനം മൂലം യാതൊരുവിധ ദോഷഫലങ്ങളും കണ്ടെത്തിയിട്ടില്ല. കൂടാതെ ഇ10 അനുയോജ്യമായ വാഹനങ്ങളിൽ ഇ20 ഉപയോഗിച്ചപ്പോഴുള്ള പുകമലിനീകരണ തോത് നിയമപരമായ പരിധിക്കുള്ളിൽ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നാലുചക്ര വാഹനങ്ങളുടെ എഞ്ചിൻ ദീർഘകാല കാര്യക്ഷമത പരിശോധനയിൽ (Engine durability test) ബി എസ് IV എഞ്ചിന്റെ പ്രവർത്തനം ഇ20 ഇന്ധനത്തിൽ തൃപ്തികരമായിരുന്നു. എന്നാൽ ബി എസ് VI ടർബോ ചാർജ്ഡ് എഞ്ചിൻ (Turbocharged engine) 265 മണിക്കൂർ പ്രവർത്തിപ്പിച്ചതിന് ശേഷം പ്രശ്നങ്ങൾ കണ്ടെത്തി. രണ്ട് പ്രമുഖ നാലുചക്ര വാഹന നിർമ്മാതാക്കളാണ് എഞ്ചിൻ ദീർഘകാല കാര്യക്ഷമത പരിശോധന നടത്തിയത്. ഇതിൽ ഒരു കമ്പനിയുടെ എഞ്ചിൻ 400 മണിക്കൂർ പരിശോധിച്ചപ്പോഴും പ്രശ്നങ്ങൾ ഒന്നും കാണിക്കാതെ ഇ20 ഇന്ധനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. എന്നാൽ രണ്ടാമത്തെ കമ്പനിയുടെ എഞ്ചിൻ ആകെ 809 മണിക്കൂർ പരിശോധിച്ചപ്പോൾ എക്സോസ്റ്റ് വാൽവിന് തെർമോമെക്കാനിക്കൽ തകരാർ (Thermomechanical failure) സംഭവിച്ചതായി കണ്ടെത്തി. എന്നാൽ എക്സോസ്റ്റ് വാൽവ് തകരാറിലാകാൻ മറ്റ് കാരണങ്ങൾ ഉണ്ടാകാമെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു. സാധാരണയായി ഇത്തരം എഞ്ചിൻ പരിശോധനകൾ 2000 മണിക്കൂറോളമാണ് നടത്താറുള്ളതെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്.

മൂന്ന് ഇരുചക്ര വാഹന നിർമ്മാതാക്കൾ നടത്തിയ എഞ്ചിൻ പരിശോധനകളിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. ഇരുചക്ര വാഹനങ്ങളിലെ ഇ20 ഇന്ധന ഉപയോഗം തൃപ്തികരമാണെന്നാണ് റിപ്പോർട്ടിലെ നിഗമനം. ഇ10 ഇന്ധനവുമായി താരതമ്യം ചെയ്യുമ്പോൾ ഇ20 ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഇന്ധന ഉപഭോഗം (Fuel consumption) രണ്ട് മുതൽ ആറ് ശതമാനം വരെ വർദ്ധിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ധന ഉപഭോഗ നിരക്കിലെ ഈ വർദ്ധനവ് ഓരോ വാഹനങ്ങൾക്കും വ്യത്യസ്തമായിരിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t