breaking news New

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു

2024 ജൂണ്‍ ഒന്‍പതിനാണ് മോദി മൂന്നാമതും പ്രധാനമന്ത്രിയായത്. വിജയകരമായ 10 വര്‍ഷത്തെ ഭരണ ശേഷം മോദി സര്‍ക്കാരിനെ വീണ്ടും ജനം അധികാരത്തിലേറ്റുകയായിരുന്നു.

ജന ക്ഷേമത്തിന്റെയും വികസനത്തിന്റെയും തുടര്‍ച്ചയായ 12 വര്‍ഷങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്. 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 12 പ്രധാന നേട്ടങ്ങള്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ബിജെപി-എന്‍ഡിഎ. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്നത് എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. 81 കോടി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയിലൂടെ സൗജന്യമായി അരിയും മറ്റ് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. കൊവിഡ് കാലത്തുള്‍പ്പെടെ ഭക്ഷണമുറപ്പാക്കാന്‍ പദ്ധതി സഹായിച്ചു.

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നാല് കോടി വീടുകള്‍ പണിതു നല്‍കി. പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. 15 കോടി വീടുകളില്‍ ജല്‍ ജീവന്‍ മിഷനിലൂടെ പൈപ്പ് വഴി കുടിവെള്ളമെത്തിച്ചു. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് പദ്ധതി തുണയായത്. ബാങ്ക് അക്കൗണ്ടില്ലാത്തവരെ ഔപചാരിക ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ 58 കോടി അക്കൗണ്ടുകള്‍ തുറന്നു. നിരവധി സാമ്പത്തിക, ക്ഷേമ സംരംഭങ്ങളുടെ അടിത്തറയായി പിഎംജെഡിവൈ പരിണമിച്ചു. വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുമായി ഈ അക്കൗണ്ടുകള്‍ സംയോജിപ്പിച്ചതിലൂടെ 50 ലക്ഷം കോടി രൂപ ചോര്‍ച്ചയും ഇടനിലക്കാരുമില്ലാതെ അര്‍ഹരിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെട്ടു.

57 കോടി മുദ്ര ലോണുകളിലൂടെ ലക്ഷക്കണക്കിന് തൊഴില്‍ ദാതാക്കളെയും തൊഴിലുകളും സൃഷ്ടിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ ഭാഗമായി 12 കോടിയിലധികം ശൗചാലയങ്ങള്‍ പണിതു നല്‍കി. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന വഴി ഗ്രാമ പ്രദേശങ്ങളില്‍ എഴു ലക്ഷം കിലോമീറ്റര്‍ റോഡുകളുണ്ടാക്കി. 86 കോടി ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡികള്‍ സൃഷ്ടിക്കപ്പെട്ടു. പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി മരുന്നുകള്‍ വിറ്റഴിച്ചതിലൂടെ പാവപ്പെട്ടവരുടെ 40,000 കോടി രൂപ ലാഭിക്കാനായി. 31 കോടി തൊഴിലാളികളെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍പ്പെടുത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t