വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ എല്‍.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 42 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. പുതിയ വിലവര്‍ധനവോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി ഉയര്‍ന്നു. മേയ് മാസം ആദ്യവാരത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 993 രൂപയോളം കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഹോട്ടല്‍-റെസ്റ്റോറന്റ് വ്യവസായം മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.
വാണിജ്യ സിലിണ്ടറുകള്‍ക്ക് പുറമേ, അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍.പി.ജി (എഫ്.ടി.എല്‍) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇതോടെ അഞ്ച് കിലോ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 821.50 രൂപയായി. നിലവില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം വിപണിയില്‍ വലിയ വിലക്കയറ്റത്തിന് കാരണമാകും. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇതോടെ വലിയ പ്രതിസന്ധിയിലായി.
തുടര്‍ച്ചയായുണ്ടാകുന്ന ഈ വിലവര്‍ധനവ് ഹോട്ടല്‍ വ്യവസായത്തെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് തള്ളിവിടുന്നത്. കോവിഡിന് ശേഷമുള്ള പ്രതിസന്ധികളില്‍നിന്ന് കഷ്ടിച്ച് കരകയറിവന്ന ഹോട്ടല്‍ മേഖലയ്ക്ക് ഈ തീരുമാനം വലിയൊരു പ്രഹരമായി മാറി. പാചകവാതക വില കുതിച്ചുയര്‍ന്നതോടെ ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഹോട്ടലുടമകള്‍. ഇത് സാധാരണക്കാരായ ഉപഭോക്താക്കളുടെ പോക്കറ്റ് ചോര്‍ത്തും. വില കൂട്ടിയാല്‍ ആളുകള്‍ ഹോട്ടലുകളില്‍നിന്ന് അകലുമെന്നും വില കൂട്ടിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിപ്പോകുമെന്നുമുള്ള ഇരട്ടപ്രതിസന്ധിയിലാണ് വ്യാപാരികള്‍.
പാചകവാതക വിലക്കയറ്റത്തിനൊപ്പം രാജ്യം നേരിടുന്ന മറ്റൊരു വലിയ ഭീഷണിയാണ് വരുംദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന പാചകവാതക ക്ഷാമം. അന്താരാഷ്ട്ര വിപണിയിലെ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ആഭ്യന്തര വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും കാരണം വരും മാസങ്ങളില്‍ എല്‍.പി.ജി സിലിണ്ടറുകളുടെ ലഭ്യതയില്‍ കടുത്ത കുറവുണ്ടാകുമെന്നാണ് സൂചന. ആവശ്യത്തിന് സിലിണ്ടറുകള്‍ യഥാസമയം വിതരണം ചെയ്യാന്‍ കഴിയാതെ വന്നാല്‍ അത് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ മാത്രമല്ല, വരും ദിവസങ്ങളില്‍ ഗാര്‍ഹിക മേഖലയെയും ബാധിച്ചേക്കാം.
പെട്രോളും ഡീസലും പാചകവാതകവും പാലും ഒരുപോലെ വില കയറുമ്പോള്‍ തകരുന്നത് സാധാരണക്കാരുടെ നടുവൊടിയുന്ന അവസ്ഥയാണ്. നിത്യവരുമാനക്കാരായ തൊഴിലാളികള്‍ക്കും ഇടത്തരക്കാര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹോട്ടല്‍ ഭക്ഷണം കഴിക്കുന്ന സാധാരണക്കാരായ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഐടി ജീവനക്കാര്‍ എന്നിവരെയെല്ലാം ഭക്ഷണവിലയിലുണ്ടാകുന്ന മാറ്റം നേരിട്ട് ബാധിക്കും. ചായയ്ക്കും ഊണിനും ലഘുഭക്ഷണങ്ങള്‍ക്കും വരുംദിവസങ്ങളില്‍ വില കൂട്ടാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകും.
ഇന്ധനവില ഉയര്‍ന്നുതന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ പാചകവാതകത്തിന് വീണ്ടും വില കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അശാസ്ത്രീയമായ വിലനിര്‍ണയ രീതിയാണ് കമ്പനികള്‍ തുടരുന്നതെന്നും സബ്സിഡികള്‍ വെട്ടിക്കുറച്ചതും വാണിജ്യ സിലിണ്ടറുകളെ അമിതമായി ആശ്രയിക്കുന്ന ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്നതുമാണെന്ന് വ്യാപാരി വ്യവസായി സംഘടനകള്‍ ആരോപിക്കുന്നു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
രാജ്യത്ത് സാധാരണക്കാരന്റെയും ചെറുകിട കച്ചവടക്കാരുടെയും കുടുംബ ബജറ്റ് പൂര്‍ണ്ണമായും തകിടം മറിച്ചുകൊണ്ട് പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി !!
Advertisement
Advertisement
Advertisement