breaking news New

പശ്ചിമേഷ്യയിലെ കടുത്ത സംഘർഷാവസ്ഥയെത്തുടർന്ന് വിമാന ഇന്ധനവിലയിൽ ഉണ്ടായ വൻ വർധന പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു

അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് ഈ കഴിഞ്ഞമാസം വിമാന ഇന്ധനവിലയിൽ 121 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കിൽ വരും ദിവസങ്ങളിലും വലിയ വർധനവുണ്ടാകുമെന്ന് ഉറപ്പായി. ഇന്ധനവിലയിലെ വർധനവ് മാത്രമല്ല വ്യോമയാന മേഖലയെ പിടിച്ചുലയ്ക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം പല മുൻനിര വിമാന സർവീസുകളും റദ്ദാക്കിയതും റൂട്ടുകൾ തിരിച്ചുവിട്ടതും യാത്രക്കാർക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്.

ആഗോളതലത്തിൽ വിമാന യാത്രക്കാരുടെ എണ്ണത്തിലും ഡിമാൻഡിലും 3.46 ശതമാനത്തിന്റെ കുറവുണ്ടായതായി അയാട്ട വ്യക്തമാക്കുന്നു. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ പശ്ചിമേഷ്യൻ മേഖലയിലാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

യാത്രാവിലക്കുകളും സുരക്ഷാഭീഷണികളും കാരണം മിഡിൽ ഈസ്റ്റ് വിമാന കമ്പനികളുടെ ഡിമാൻഡിൽ മാത്രം 46.6 ശതമാനത്തിന്റെ വൻ ഇടിവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധിക്കാലവും വേനലവധിയും ആരംഭിക്കുന്നതോടെ പ്രവാസികൾ നാട്ടിലേക്ക് വരാൻ തയാറെടുക്കുന്ന സമയമാണിത്. ഈ ഘട്ടത്തിൽ ടിക്കറ്റ് നിരക്കിലുണ്ടാകുന്ന അനിയന്ത്രിതമായ വർധനവ് സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കും.

അവധിക്കാലത്തെ ഉയർന്ന ഡിമാൻഡ് മുതലെടുത്ത് വിമാനക്കമ്പനികൾ നിരക്ക് ഉയർത്താറുള്ളതിന് പുറമെയാണ് ഇപ്പോൾ ഇന്ധനവില വർധനവിന്റെ ഭാരവും വരുന്നത്. സർവീസുകൾ റദ്ദാക്കപ്പെടുന്നത് ടിക്കറ്റ് ലഭ്യത കുറയ്ക്കാനും ലഭ്യമായ സീറ്റുകൾക്ക് വൻ തുക ഈടാക്കാനും കാരണമാകും. വ്യോമയാന മേഖലയിലെ ഈ കടുത്ത അനിശ്ചിതാവസ്ഥ തുടരുന്നത് പ്രവാസികളുടെ യാത്രാമോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t