breaking news New

കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ കേസില്‍ ഇ ഡിയുടെ അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും നീളും ...

കഴിഞ്ഞ ദിവസം കേരളത്തിലെ 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഇ ഡി പുറപ്പെടുവിച്ച വിശദമായ പത്രക്കുറിപ്പില്‍ സിഎംആര്‍എല്ലില്‍ നിന്ന് കോഴ വാങ്ങിയ മറ്റുള്ളവര്‍ ആരെല്ലാമെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുമെന്നാണ് വ്യക്തമാക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ മാസപ്പടി വാങ്ങിയതു പോലെ മറ്റു പലരും പണം വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നര്‍ത്ഥം. കരിമണല്‍ കമ്പനിയില്‍നിന്ന് ഏജന്‍സികള്‍ പിടിച്ചെടുത്ത ഡയറിയിലെ ചില ലൂസ് പേജുകളില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തയുടെ കൈയക്ഷരത്തില്‍, എഴുതിച്ചേര്‍ത്തത് മാസപ്പടി വാങ്ങിയവരുടെ പട്ടികയാണ്. അതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ പേരുകളുണ്ടെന്ന് അന്നേ തന്നെ വാര്‍ത്ത വന്നിരുന്നു.

ചുരുക്കപ്പേരായിട്ടാണ് അവരുടെ പേരുകള്‍ (ആര്‍ സി, പിവി, പികെ കെ. എന്നിങ്ങനെ) എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്കു വേണ്ടി പണം വാങ്ങിയിട്ടുണ്ടാകാം എന്നായിരുന്നു അന്ന് ചെന്നിത്തല പ്രതികരിച്ചതും.

കരിമണല്‍ കമ്പനി 15 കൊല്ലം കൊണ്ട് 182 കോടി രൂപയുടെ ചെലവ് വ്യാജമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് പലര്‍ക്കും കോഴയായി നല്‍കിയതാണെന്നുമാണ് പത്രക്കുറിപ്പിലുള്ളത്.

ഇക്കാര്യം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിക്കുന്നുണ്ട്. കര്‍ത്തയുടെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്കു തന്നെ കര്‍ത്തയുടെ സിഎംആര്‍എല്‍ 91 കോടി കൊടുത്തതായും രേഖയിലുണ്ട്. വീണയ്‌ക്ക് 2.78 കോടിയാണ് ചെയ്യാത്ത ജോലിക്ക് നല്‍കിയത്.

ഇതിനു പുറമേ വീണയുടെ കമ്പനി എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്‌പയും നല്‍കി. ഇത് മടക്കി വാങ്ങിയിട്ടില്ല. വീണയുടെ വിവിധ അക്കൗണ്ടുകളിലുള്ള 18.36 കോടി രൂപ ഇ ഡി മരവിപ്പിച്ചിട്ടുമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t