breaking news New

സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ മിനിമം വേതനം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

മാസം 30000 രൂപയ്‌ക്ക് താഴെ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നിരവധി ഡോക്ടര്‍മാരുണ്ടെന്ന് ഐഎംഎയുടെ പഠനം കണ്ടെത്തി. 82ശതമാനം ഡോക്ടര്‍മാര്‍ക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല. തൊഴിലില്ലായ്‌മയും തുച്ഛമായ ശമ്പളവും മൂലം 70 ശതമാനം ഡോക്ടര്‍മാരും മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ജോലി തേടി പോകാന്‍ ആഗ്രഹിക്കുന്നു. ഏതാണ്ട് 81ശതമാനം ജൂനിയര്‍ ഡോക്ടര്‍മാരും നിര്‍ബന്ധിത ബോണ്ട് സര്‍വീസില്‍ പെട്ടവരാണ്.

സ്‌പെഷലിസ്റ്റുകള്‍ക്കും സൂപ്പര്‍ സ്‌പെഷലിസ്റ്റുകള്‍ക്കുപോലും ന്യായമായ ശമ്പളം കേരളത്തില്‍ ലഭിക്കുന്നില്ല. ശമ്പളം, സ്റ്റൈപെന്റ് മുതലായവ കൃത്യമായ സമയത്ത് വിതരണം ചെയ്യപ്പെടുന്നില്ല. വിദേശ വിദ്യാഭ്യാസം നടത്തി കേരളത്തില്‍ എത്തിയ ഡോക്ടര്‍മാരുടെ സ്ഥിതി ദയനീയമാണ്. സ്റ്റൈപെന്റ് പോലും ലഭിക്കാത്തവരാണ് ഈ വിഭാഗക്കാര്‍. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാലും ഇവരെ രണ്ടാം തട്ടുകാരായി കാണുകയും വിവേചന ബുദ്ധിയോടെ ശമ്പളം നല്‍കുകയും ചെയ്യുന്നു. ഇത്തരം നിരവധി വിഷയങ്ങള്‍ ഐഎംഎയുടെ പഠനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പഠനത്തെ വിലയിരുത്തി നടന്ന ചര്‍ച്ചയില്‍ ഏറ്റവും പ്രാഥമികമായി എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

അധിക ജോലിക്ക് കൂടുതല്‍ ശമ്പളം നല്‍കുകയും കൃത്യമായ സമയത്ത് തന്നെ ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും തൊഴിലിടത്തിലെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സ്‌പെഷലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും മറ്റ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ ശമ്പളവും റസിഡന്റ് സ്‌റ്റൈപ്പന്‍സ് തുടങ്ങിയ വിഷയങ്ങളിലും ശക്തമായ നിലപാടുകള്‍ സ്വീകരിക്കും. മിനിമം ശമ്പളം 80,000 രൂപ എന്നുള്ള നിലപാട് നടപ്പിലാക്കുവാന്‍ ഇതുമായി ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t