മേയ് 18 തിങ്കളാഴ്ച രാവിലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, ചടങ്ങുകൾക്ക് ശേഷം 11 മണിയോടെ ചെന്നൈയിലേക്ക് മടങ്ങും.
വിജയ്‌ക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിവിഐപി അതിഥികളായി ചടങ്ങിൽ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി വൻ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. പതിനായിരത്തോളം പേർക്ക് ഇരിക്കാൻ ശേഷിയുള്ള കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുക്കുന്നത്. എങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം പേർ ചടങ്ങിനെത്തുമെന്നാണ് യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരി. ഔദ്യോഗിക പാസുള്ളവർക്ക് മാത്രമേ സെൻട്രൽ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം അനുവദിക്കൂ. ജനത്തിരക്ക് പ്രമാണിച്ച് മേയ് 18-ന് നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ പന്തലിന്റെ വശങ്ങളിൽ കൂറ്റൻ വീഡിയോ വാളുകൾ ഒരുക്കുന്നുണ്ട്. ഇതിന് പുറമെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയാത്തവർക്കായി നിശാഗന്ധി ഓഡിറ്റോറിയം ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തത്സമയ സംപ്രേഷണം കാണാൻ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിന് ശേഷം പുതിയ മന്ത്രിമാർ രാജ്ഭവനിൽ ഗവർണറുടെ ഔദ്യോഗിക സത്കാരത്തിൽ പങ്കെടുത്ത ശേഷമാകും സെക്രട്ടേറിയറ്റിലേക്ക് എത്തുക.
രാജ്ഭവനിലെ ചടങ്ങുകൾക്ക് ശേഷം പുതിയ മന്ത്രിസഭ ആദ്യമായി യോഗം ചേരും. നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള ഔദ്യോഗിക ശുപാർശ ഈ യോഗത്തിൽ പാസ്സാക്കി ഗവർണർക്ക് സമർപ്പിക്കും.
പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തലസ്ഥാനത്തെത്തും : ക്രമീകരണങ്ങൾ ഇങ്ങനെ ...
Advertisement
Advertisement
Advertisement