breaking news New

കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കോണ്‍ഗ്രസ് കടന്നതോടെ പട നയിച്ച് ഗ്രൂപ്പ് മാനേജർമാർ രംഗത്ത് : പത്തു വര്‍ഷം പ്രതിപക്ഷത്തിരുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പു വിജയം വരെ ഒറ്റക്കെട്ടായി നിന്നെങ്കിലും വീണ്ടും ഗ്രൂപ്പ് കളി തുടങ്ങി !!

പടനയിച്ച പ്രതിപക്ഷ നേതാവിനെ വെട്ടി എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി പദം കയ്യടക്കുമെന്ന ഘട്ടം വന്നതോടെയാണ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഗ്രൂപ്പ് പോരിന്റെ അടക്കി വച്ച ആയുധം വീണ്ടും പുറത്തെടുക്കുന്നത്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട കെ സി വേണുഗോപാല്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നടത്തിയ നീക്കങ്ങളോടെ ഭൂരിപക്ഷം എം എല്‍ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെ ഗ്രൂപ്പ് കലാപം അഴിച്ചു വിടുമെന്ന ഭീഷണി ഉയര്‍ത്തി ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്താനുള്ള തന്ത്രങ്ങളാണ് മറുപക്ഷം മെനയുന്നത്.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എം എല്‍ എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ അവസരമൊരുക്കണം എന്ന് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ വിശ്വാസമില്ലെന്നാണ് വി ഡി സതീശന്‍ പക്ഷം പറയുന്നത്. എ ഐ സി സി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം.

എം എല്‍ എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എം എല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എം എല്‍ എമാരുടെ പിന്തുണയാണ് വി ഡി സതീശന്‍ പ്രതീക്ഷിക്കുന്നത്. എം എല്‍ എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ദീപ ദാസ് മുന്‍ഷി ഉണ്ടാകാന്‍ പാടില്ലെന്നാണ് വി ഡി സതീശന്റെ ആവശ്യം. ഇക്കാര്യം വി ഡി സതീശന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടു.

ഗ്രൂപ്പ് പോരു തലപൊക്കിയതോടെ നേതാക്കള്‍ പഴയ പാളയങ്ങളില്‍ സജീവമായിട്ടുണ്ട്. വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയത് മുന്‍ സ്പീക്കര്‍ എന്‍ ശക്തനാണ്. ഹൈബി ഈഡനും മുഹമ്മദ് ഷിയാസും ഷാനിമോള്‍ ഉസ്മാനും അടക്കമുള്ള നേതാക്കളാണ് വി ഡി സതീശനായുള്ള നീക്കങ്ങള്‍ നയിക്കുന്നത്. കെ സി വേണുഗോപാലിനായി എ പി അനില്‍ കുമാറും മാത്യു കുഴല്‍നാടനുമാണ് എംഎല്‍എമാരെ ഏകോപിപ്പിക്കുന്നത്. രമേശ് ചെന്നിത്തലക്കായി ടി ജെ വിനോദും ഐ സി ബാലകൃഷ്ണനും അന്‍വര്‍ സാദത്തും രംഗത്തുണ്ട്. എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കുകയാണ് പ്രധാന പരിപാടി. ഒപ്പം ഹൈക്കമാന്‍ഡ് അഭിപ്രായം തേടാന്‍ സാധ്യതയുള്ള മുതിര്‍ന്ന നേതാക്കളോട് അടക്കം ഗ്രൂപ്പ് നേതാക്കള്‍ സംസാരിക്കുന്നുണ്ട്.

എ ഐ സി സി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തിലെത്തിയ ശേഷം
നിയമസഭ കക്ഷി യോഗം നാളെ ചേരും. സംസ്ഥാനമൊട്ടാകെ മൂന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു ഗ്രൂപ്പുകള്‍ ഫ്‌ളക്‌സ് യുദ്ധം തുടരുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഇന്ന് മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കും. ആവശ്യമെങ്കില്‍ മുസ്ലിം ലീഗിനോട് രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കും. എ ഐ സി സി നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പദവി കൈവിട്ടു പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് വി ഡി സതീശന്‍ പക്ഷം. വി ഡി സതീശന് വേണ്ടി സോണിയാ ഗാന്ധിക്ക് കൂട്ടമായി ഇമെയില്‍ സന്ദേശം അയയ്ക്കുന്നുമുണ്ട്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇതിനായി ആഹ്വാനം ഉയര്‍ന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി അര്‍ഹനാണ് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. എംപിമാരെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കരുതെന്നും ഈ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t