breaking news New

നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം : മത്സരിച്ച എല്ലാ സീറ്റുകളിലും വിജയം ഉറപ്പാക്കി ജോസഫ് വിഭാഗം മുന്നോട്ട് ...

കേരള കോൺഗ്രസ് എം ശക്തികേന്ദ്രങ്ങളിലും സിറ്റിങ് സീറ്റുകളിലുമടക്കം, മത്സരിച്ച 12 ഇടത്തും പരാജയപ്പെട്ട് ‘സംപൂജ്യ’രായി മാറിയിരിക്കുകയാണ് ഈ പാര്‍ട്ടി. ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നീ സിറ്റിങ് സീറ്റുകളാണ് കൈവിട്ടുപോയത്. അതേസമയം മധ്യകേരളത്തില്‍ പി. ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള ബ്രാക്കറ്റില്ലാ കേരള കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചു. മത്സരിച്ച കടുത്തുരുത്തി, തൊടുപുഴ, ഇരിങ്ങാലക്കുട, കോതമംഗലം, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല എന്നീ ഏഴ് സീറ്റിലും, യുഡിഎഫിനൊപ്പമുള്ള കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയക്കൊടി പാറിച്ചു. ഇക്കുറി കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ ഇല്ലാത്ത നിയമസഭയായിരിക്കുമെന്നതും ശ്രദ്ധേയമാണ്. അധികാര രാഷ്‌ട്രീയത്തില്‍ നിന്ന് അകലുന്നതോടെ ഈ പാര്‍ട്ടിയുടെ പ്രസക്തിയും നിലനില്‍പും ചോദ്യചിഹ്നമാവുകയാണ്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാവുകയും യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയും ചെയ്തതോടെ അതിന്റെ ഇരയാകുകയായിരുന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കേരള കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ തട്ടകമായ പാലായില്‍ ചെയര്‍മാന്‍ ജോസ് കെ. മാണി രണ്ടാമതും പരാജയപ്പെട്ടത് പാര്‍ട്ടിയുടെ അടിവേരിളക്കി. പാര്‍ട്ടിയിലെ രണ്ടാമനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഇടുക്കിയില്‍ അടിതെറ്റി വീണു, അതും വലിയ മാര്‍ജിനില്‍ തോറ്റു. കാഞ്ഞിരപ്പള്ളിയില്‍ മുതിര്‍ന്ന നേതാവ് എന്‍. ജയരാജ് പരാജയപ്പെട്ടു.

ചങ്ങനാശ്ശേരിയില്‍ അഡ്വ. ജോബ് മൈക്കിള്‍, പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാലക്കുടിയില്‍ അഡ്വ. ബിജു ചിറയത്ത്, റാന്നിയില്‍ പ്രമോദ് നാരായണന്‍, തൊടുപുഴയില്‍ സിറിയക് ചാഴിക്കാടന്‍, പിറവത്ത് സാബു കെ. ജേക്കബ്, ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളി, കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മി, പെരുമ്പാവൂരില്‍ ബേസില്‍ പോള്‍ എന്നിവരെല്ലാം ജനവിധിക്കുമുന്നില്‍ മൂക്കുകുത്തിവീണു.

ഇത്തരമൊരു തിരിച്ചടി കേരള കോണ്‍ഗ്രസ് (എം) സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല. ഉറച്ച കോട്ടയായ പാലായില്‍ വിജയമുറപ്പാണെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ കെ.എം. മാണിക്ക് ശേഷം അവിടെ നിന്ന് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കായിട്ടില്ല. കെ.എം. മാണി അന്തരിച്ചശേഷം യുഡിഎഫിലായിരുന്നപ്പോഴും എല്‍ഡിഎഫിലായിരുന്നപ്പോഴും പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. 2021-ല്‍ എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയപ്പോഴും പാലാ കൈവിട്ടുപോയിരുന്നു.

പി.ജെ. ജോസഫുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് (എം), 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2020- ലെ തദ്ദേശ തെരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാക്കിക്കൊടുത്തിരുന്നു. 2021- ല്‍ 12 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016- ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചപ്പോഴും അഞ്ച് സീറ്റിലായിരുന്നു ജയം.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉയര്‍ന്നുകേട്ട മുന്നണിമാറ്റ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് കേരള കോണ്‍ഗ്രസി(എം)നെ ഇടതുപക്ഷത്തിനൊപ്പംതന്നെ ചേര്‍ത്തുനിര്‍ത്തിയ ജോസ് കെ. മാണിക്കും പാര്‍ട്ടിക്കും ഇനി നിലനില്‍പിനായുള്ള പോരാട്ടത്തിന്റെ കാലമായിരിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം മുന്നണിമാറ്റം ആവശ്യപ്പെട്ടിട്ടും റോഷി അഗസ്റ്റിന്റെ കടുംപിടുത്തത്തിന് മുന്നില്‍ ജോസ് കെ. മാണി ഇടത് മുന്നണിയില്‍ തുടരാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇനിയെന്തായിരിക്കും ജോസ് കെ. മാണിയുടെ രാഷ്‌ട്രീയ തീരുമാനമെന്നറിയാന്‍ കാതോര്‍ക്കുകയാണ് രാഷ്‌ട്രീയ കേരളം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t