breaking news New

സ്പെഷ്യൽ റിപ്പോർട്ട് : വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നാലെ അന്വേഷണങ്ങള്‍ വ്യാപകമാണെങ്കിലും കൃത്യമായ കാരണം അമിതമായ വെടിമരുന്ന് സംഭരണവും നിരോധിത രാസവസ്തുക്കളുടെ ഉപയോഗവും ജാഗ്രതക്കുറവും !!

സ്‌ഫോടനസമാനമായ വെടിക്കെട്ടാണ് എല്ലാവരുടെയും ആവശ്യം. ഇത് സൃഷ്ടിക്കുന്നതിനുള്ള കതിന നിറയ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന പൊട്ടാസ്യം നൈട്രേറ്റിന്റെ സ്ഥാനത്ത് ഇപ്പോള്‍ നിരോധിത ഉത്പന്നമായ പൊട്ടാസ്യം ക്ലോറൈഡാണ് ഇടംപിടിക്കുന്നത്. അശ്രദ്ധമായാല്‍ ഇത് വന്‍ അപകടം സൃഷ്ടിക്കും. പൊട്ടിത്തെറിക്ക് സാധ്യതയുള്ള പൊട്ടാസ്യം ക്ലോറൈഡും അലുമിനിയം പൗഡറിന്റെ അമിത ഉപയോഗവും അപകടതീവ്രത കൂട്ടും. ഇത് തീപ്പെട്ടി കമ്പനിക്ക് മാത്രം ഉപയോഗിക്കാനാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പെട്രോളിയം ഉത്പന്നമായ പൊട്ടാസ്യം നൈട്രേറ്റിന് യുദ്ധം ആരംഭിച്ചതോടെ ക്ഷാമമാണ്. ചെറിയ അളവില്‍ മരുന്ന് ഉപയോഗിച്ചാലും വന്‍ ശബ്ദത്തോടെയാണ് പൊട്ടിത്തെറിക്കുക. അതിനാല്‍ വെടിക്കെട്ട് നിര്‍മാതാക്കള്‍ പൊട്ടാസ്യം ക്ലോറൈഡിന്റെ ഉപയോഗം കൂട്ടി. ഇത് അപകടം ഏതുസമയവും സൃഷ്ടിക്കുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

കേരളത്തില്‍ എത്ര വേനല്‍ ചൂടായാലും പൊട്ടിത്തെറിക്ക് സാധ്യതയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ശിവകാശിയില്‍ 45 ഡിഗ്രി വരെയാണ് ചൂട്. ഇത് ചിലപ്പോള്‍ അപകടം ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. തൃശൂരിലെ മുണ്ടത്തിക്കോട് അപകടത്തിന് കാരണങ്ങളായി ഈ രംഗത്തുള്ളവര്‍ പറയുന്നത് ജാഗ്രതക്കുറവാണ്. കൃത്യമായ അകലം പാലിക്കാതെയാണ് പടക്കോപ്പുകള്‍ നിര്‍മിച്ചത്. കുഴിമിന്നലിനുള്ള കതിനകളില്‍ വന്‍തോതില്‍ മരുന്ന് നിറച്ചതും അത് സുരക്ഷിതമായി വയ്‌ക്കാത്തതും തിരിച്ചടിയായി. എട്ട് ഇഞ്ച് ഡൈന (കുഴിമിന്നല്‍) വരെയാണ് ഇവിടെ ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ 12 ഇഞ്ചിന് മുകളില്‍ വരെയുള്ള ബാളുകളില്‍ മൂന്ന് കിലോ വരെ മരുന്ന് നിറച്ച് ഉഗ്രസ്‌ഫോടനശേഷിക്ക് ഒരുക്കിയിരുന്നു എന്നാണ് മനസിലാകുന്നത്. കതിനകള്‍ വേണ്ട അകലത്തില്‍ ഇരുന്നല്ല നിറച്ചിരുന്നതെന്നും, ടാര്‍പ്പാളിനില്‍ മരുന്ന് ഉണങ്ങാന്‍ ഇട്ടതുമൊക്കെ അപകടത്തിന് ആക്കം കൂട്ടി. ഏക്കര്‍ കണക്കിന് സ്ഥലത്ത് യഥേഷ്ടം കതിന നിറയ്‌ക്കാന്‍ സ്ഥലം ഉപയോഗിക്കാമെന്നിരിക്കെ വേണ്ട അകലം എടുക്കാത്തതാണ് മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചതെന്നും മേഖലയിലെ അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അലുമിനിയം പൗഡര്‍ തിരുമ്മി എടുക്കുമ്പോള്‍ സ്പാര്‍ക്കിങ് ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. കുഴിയില്‍ 50 കിലോയില്‍ കൂടുതല്‍ മരുന്നിന്റെ ഡൈന നിറച്ചുവച്ചത് പൊട്ടിയാല്‍ ബോംബ് സ്‌ഫോടനത്തിന് തുല്യമായ പ്രകമ്പനം ഉണ്ടാകുമെന്നതാണ് വസ്തുത. ഒരു ഗുണ്ടിന് 15 ഗ്രാം മരുന്ന് ഉപയോഗിക്കേണ്ട സ്ഥാനത്ത് 75 ഗ്രാം മരുന്ന് വരെ ഉപയോഗിച്ചത് സ്‌ഫോടനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. മരുന്ന് നിറച്ച കുഴിമിന്നല്‍ കയ്യില്‍ നിന്ന് നിലത്ത് പതിച്ചാലും പൊട്ടിത്തെറിക്കും. ഇതിന്റെയെല്ലാം ഉപയോഗത്തില്‍ കൃത്യമായ അകലം വേണമെന്നിരിക്കെ 50 മീറ്റര്‍ അകലം പോലുമില്ലാത്ത ഷെഡുകളിലായിരുന്നു പടക്കനിര്‍മാണം.

കേരളത്തിലെ പടക്കനിര്‍മാതാക്കളില്‍ ഏറെയും ലൈസന്‍സ് ഇല്ലാത്തവരാണ്. കച്ചവട ലൈസന്‍സിന്റെ മറവിലാണ് പടക്കനിര്‍മാണവും കമ്പക്കെട്ടും നടത്തുന്നത്. കൊല്ലം ജില്ലയില്‍ മാത്രം എട്ട് പടക്കനിര്‍മാണ ലൈസന്‍സികളുണ്ട്. എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ശേഷം ആര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. അനധികൃത പടക്കനിര്‍മാണക്കാര്‍ക്ക് ഒത്താശ ചെയ്യുകയും അംഗീകൃത വെടിക്കെട്ടുകാര്‍ക്ക് മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ആജ്ഞ നല്‍കുകയും ചെയ്യുന്ന അധികൃതര്‍ അപകടങ്ങള്‍ക്ക് ശേഷമാണ് റെയ്ഡുകളെന്ന പ്രഹസനം നടത്തുന്നത്. ക്ഷേത്ര ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും എല്ലാ സ്ഥലത്തും വെടിക്കെട്ട് നടക്കുന്നുണ്ട്. എന്നാല്‍ ഇതിലേറെയും പടക്കനിര്‍മാണ ലൈസന്‍സ് ഇല്ലാത്തവരാണ് എന്നതാണ് വസ്തുത. ഒരു അംഗീകൃത ലൈസന്‍സിക്ക് കീഴില്‍ വെടിക്കെട്ടിന് 15 കിലോ വെടിമരുന്നും, വില്‍പനക്ക് 500 കിലോയും മാത്രമെ സൂക്ഷിക്കാവൂ. എന്നാല്‍ ഓരോ ലൈസന്‍സിയും ഇതിലും എത്രയോ ഇരട്ടി മരുന്നാണ് കൈവശം വയ്‌ക്കുന്നത്.

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് പാലിക്കേണ്ട അകലവും മറ്റ് സുരക്ഷാക്രമീകരണങ്ങളും ഒരുക്കാത്തതും പലപ്പോഴും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. ജനങ്ങള്‍ തിങ്ങിനിറഞ്ഞ ചുറ്റുവട്ടത്തെ നിര്‍മാണം നിര്‍ത്തിയാല്‍ തന്നെ മരണസംഖ്യ കുറയ്‌ക്കാം. കേരളത്തിലെ എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥര്‍ ശിവകാശി പടക്കനിര്‍മാതാക്കളുടെ ബിനാമികളായി പ്രവര്‍ത്തിച്ച് വന്‍തുക വസൂലാക്കി കേരളത്തിലെ പടക്കനിര്‍മാതാക്കള്‍ക്ക് ലൈസന്‍സ് നിഷേധിക്കുന്നതായും ആക്ഷേപമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t