breaking news New

ശ്രദ്ധിക്കുക : കൊടും ചൂടുകാലമാണ് : കരുതിയിരിക്കുക ; പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറി വരാൻ സാധ്യത കൂടുതലാണ് : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ...

വേനല്‍ കടുത്തതോടെ പാമ്പുകള്‍ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിട്ടുണ്ട്. ഇവ അധികമായി വീടുകളില്‍ എത്തുന്നില്ലെങ്കിലും പരിസരത്തെ തണുത്ത പ്രദേശങ്ങളില്‍ എത്താനുള്ള സാധ്യത ഏറെയാണ്. പാമ്പുകള്‍ ശീതരക്ത ജീവികളാണ്. അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ തണുപ്പും നനവുമുള്ള സ്ഥലങ്ങള്‍ തേടി അവ പുറത്തിറങ്ങും. വീടിനോട് ചേര്‍ന്നുള്ള ചെടിച്ചട്ടികള്‍, ബാത്‌റൂമുകള്‍, തറയോടുകള്‍ക്കിടയിലെ വിടവുകള്‍, വീടിനുള്ളിലെ നനവുള്ള ഭാഗങ്ങള്‍ എന്നിവ പാമ്പുകള്‍ താവളമാക്കാന്‍ സാധ്യതയുണ്ട്. ഉറങ്ങിക്കിടന്ന കുട്ടിക്ക് അടക്കം സംസ്ഥാനത്ത് അടുത്തിടെ പാമ്പ് കടിയേറ്റ വാര്‍ത്തകള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാമ്പിനെ അകറ്റാനുള്ള മുന്‍കരുതലുകളേക്കുറിച്ച് സ്‌നേക് റസ്‌ക്യൂവര്‍ (കേരള ഫോറസ്റ്റ് & വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ടുമെന്റ്) ഡോ. റോഷ്‌നി ജി എസ് പറയുന്നത് ശ്രദ്ധിക്കുക ...

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളും വള്ളിച്ചെടികളും ചാഞ്ഞു നില്‍ക്കുന്ന മരക്കൊമ്പുകളും വെട്ടി മാറ്റണം.

ചെടിച്ചട്ടികള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പ്ലാന്റുകള്‍ എന്നിവ എപ്പോഴും തണുപ്പ് നിറഞ്ഞ ഇടങ്ങളായതുകൊണ്ട് പ്രത്യേകം ശ്രദ്ധ വേണം.

* ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തെറിഞ്ഞാല്‍ അത് കഴിക്കാന്‍ എലികളും അവയെ പിടിക്കാന്‍ പാമ്പുകളും എത്താന്‍ സാധ്യത ഏറെയാണ്.

*വീടിനുള്ളിിലെ കബോര്‍ഡുകളിലും ഗ്യാസ് കുറ്റിക്ക് അടിയിലും ഫ്രിഡ്ജിന്റെ പരിസരങ്ങളിലും പാമ്പ് കയറിക്കൂടിയേക്കാം.

* കുളിമുറികളില്‍ വെള്ളം പോകുന്നതിനായുള്ള ചെറിയ തുളകള്‍ നെറ്റ് ഉപയോഗിച്ചു സുരക്ഷിതമാക്കണം.

* കിടക്കുമ്പോള്‍ മെത്ത, തലയിണ തുടങ്ങിയവ തട്ടിക്കുടയുകയുകയും കട്ടിലിന്റെ അടിഭാഗം നിരീക്ഷിക്കുകയും ചെയ്യണം.

*ജനലുകളും മറ്റും അടയ്‌ക്കുകയും വിടവുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

*ഹെല്‍മെറ്റ്, ഷൂസ് തുടങ്ങിയവ ഉപയോഗിക്കും മുന്‍പ് തറയില്‍ തട്ടികുടയണം.

* മിക്ക വീടുകളിലും അടുക്കള ഗ്രില്‍ ഉപയോഗിച്ച് നിര്‍മിച്ചതാകും. അതിനാല്‍ നെറ്റ് വെച്ച് അടയ്‌ക്കുന്നതു നന്നായിരിക്കും.

*പൈപ്പുകളുടെ ചുവട്ടിലും പുറത്ത് കുളിമുറിയുണ്ടെങ്കില്‍ അവിടങ്ങളിലും കിണറിന് ചുറ്റും പാമ്പുകള്‍ കയറിക്കൂടാനുള്ള സാധ്യത കൂടുതലാണ്.

*ഫ്രിഡ്ജിന്റേയും വാഷിംഗ് മെഷീനിന്റെയും അകത്തും പാമ്പുകള്‍ കയറിയിരിക്കാറുണ്ട്. വാഷിംഗ് മെഷീനിന്റെ, വെള്ളം പോകുന്ന പൈപ്പുകള്‍ വഴി അകത്ത് കയറി ഇരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

*യൂറോപ്യന്‍ ക്ലോസറ്റിനുള്ളിലും പാമ്പ് കയറി ഇരിക്കാറുണ്ട്. അതിനാല്‍, ക്ലോസറ്റ് എപ്പോഴും അടച്ചു വയ്‌ക്കാന്‍ ശ്രദ്ധിക്കണം.

പാമ്പുകള്‍ പുറത്തിറങ്ങുന്നതു പ്രധാനമായും, ചൂടുകൂടിയിരിക്കുന്ന മെയ്, ജൂണ്‍ മാസങ്ങളിലാണ്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഇറങ്ങുന്ന സമയവും ഇതാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത വേണം. തള്ളപ്പാമ്പ് അടയിരുന്നിട്ടല്ല മുട്ട വിരിയുന്നത്. അപൂര്‍വം ചില പാമ്പുകള്‍ മാത്രമേ അടയിരിക്കാറുള്ളു. മറ്റുള്ളവ മുട്ടയിട്ടിട്ട് പോകും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ സുരക്ഷിതത്വം തേടിയിറങ്ങും. അതുകൊണ്ടാണ് പാമ്പിന്‍ കുഞ്ഞുങ്ങള്‍ വീടിനുള്ളില്‍ കയറുന്നതു കൂടുതലായി കാണുന്നത്. ഇവയെ പിടിച്ചു കുപ്പിലാക്കാനും മറ്റും ശ്രമിക്കുന്നവരുണ്ട്. അത് അപകടമാണ്. കുഞ്ഞു പാമ്പുകളില്‍ വിഷത്തിന്റെ അളവ് കുറവാകുമെങ്കിലും വീര്യം പതിന്‍മടങ്ങ് ആയിരിക്കും. അതുകൊണ്ട് ഇവയെ ഏറെ ശ്രദ്ധിക്കണം. അവ എവിടെയാണ് കയറി ഇരിക്കുന്നതെന്ന് ശ്രദ്ധിച്ച് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നതാണ് നല്ലത്.

പാമ്പ് കടിക്കു പ്രാഥമിക ശുശ്രൂഷ ഇല്ല. കടിയേറ്റതായി തോന്നിയാല്‍ എത്രയും വേഗം ആന്റി വെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കണം. കടിയേറ്റ ഭാഗത്ത് തേച്ച് കഴുകാനോ, കെട്ടിവെയ്‌ക്കാനോ, രക്തം പിഴിഞ്ഞ് കളയാനോ ശ്രമിക്കരുത്. പരിഭ്രമം പാടില്ല. കടിയേറ്റയാളെ സാന്ത്വനിപ്പിക്കാന്‍ കൂടെയുള്ളവര്‍ ശ്രദ്ധിക്കണം. ടെന്‍ഷന്‍ ഉണ്ടാക്കരുത്. കടിച്ച പാമ്പിനെ അന്വേഷിച്ചു സമയം കളയുകയുമരുത്. എത്രയും വേഗം ആശുപത്രയില്‍ എത്തിക്കണം.

ആംബുലന്‍സിലാണെങ്കില്‍ കിടത്തി കൊണ്ടപോകുക. സ്‌കൂട്ടറിലോ, കാറിലോ ആണെങ്കില്‍ ഇരുത്തിയും കൊണ്ടുപോകാം. കൂടെ ഒരാളെങ്കിലും ഉണ്ടായിരിക്കണം. കടിയേറ്റ ആള്‍ക്ക് ക്ഷീണവും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടാം.
വിഷം കൂടിയ പാമ്പുകളുടെ കടിയേറ്റാല്‍ കടുത്ത വേദന, കടിച്ച ഭാഗത്ത് നീര്, നിറം മാറ്റം എന്നിവയുണ്ടാകും. ഛര്‍ദി, ബോധക്ഷയം എന്നിവയും സംഭവിക്കാം. അതുകൊണ്ട് പെട്ടെന്ന് തന്നെ നമുക്ക് അപകട സൂചന കിട്ടും. ചില പാമ്പുകള്‍ കടിച്ചാല്‍ ഇവയൊന്നും ഉണ്ടായില്ലെന്നു വരും. വിഷമേറ്റാല്‍ നാലു മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം. അതിനാല്‍ സമയം ഒട്ടും കളയാനില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t