breaking news New

പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്

ഈ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരേണ്ട. സ്‌കൂളിലെ ഫോണ്‍ ഉപയോഗം സംബന്ധിച്ച് അദ്ധ്യായനവര്‍ഷാരംഭം പിടിഎ മുഖാന്തരം അച്ചടിച്ച നിര്‍ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍, അംഗം ഷാജേഷ് ഭാസ്‌കര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കമ്മിഷന്‍ ഉത്തരവിലെ ശിപാര്‍ശകള്‍ ഈ അദ്ധ്യായന വര്‍ഷം മുതല്‍ നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണോ, ടാബോ കൊണ്ടുവരാനോ ഉപയോഗിക്കുവാനോ പാടില്ലെന്നാണ് കമ്മിഷന്റെ നിര്‍ദേശം. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ് ടീച്ചര്‍ക്ക് കൈമാറി നിയന്ത്രിതമായി ഉപയോഗിക്കണം. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി കുട്ടികള്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവന്നാല്‍ കുട്ടിക്ക് താക്കീത് നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിന് ശേഷം രക്ഷിതാവിനെ വിളിച്ചുവരുത്തി തിരികെ നല്‍കണം.

മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിന് ബാഗ് പരിശോധനയും, ദേഹ പരിശോധനയും നടത്തുന്നത് കുട്ടികളുടെ അന്തസിനും അഭിമാനത്തിനും ഭംഗം വരുന്ന തരത്തിലാവരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ധ്യാപകര്‍ കുട്ടികളോട് ശിശു സൗഹാര്‍ദമായി പെരുമാറണം. ഡിജിറ്റല്‍ അവബോധം സംബന്ധിച്ച് ഒരു അദ്ധ്യായനവര്‍ഷം വിദഗ്ധരുടെ രണ്ട് മണിക്കൂര്‍ ക്ലാസ് നാല് തവണ സ്‌കൂളിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കണം. കായിക വിനോദങ്ങള്‍, യോഗ, എയ്‌റോബിക്‌സ്, വിവിധ ഭാഷാ ക്ലാസുകള്‍, സാഹിത്യ ശാസ്ത്ര ക്ലബുകള്‍, വായന, ക്രാഫ്റ്റ്, കൈത്തൊഴില്‍ എന്നിവയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലത്തില്‍ നടപ്പിലാക്കണം.

നിയമം നിര്‍മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച് തുടര്‍നടപടി സ്വീകരിക്കണം. വനിതാശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ് മേധാവിയും ഉള്‍പ്പെടുന്നതാകണം ഉന്നതതല സമിതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കമ്മിഷന്‍ ശിപാര്‍ശകളിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ കമ്മിഷന്‍ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം ലഭ്യമാക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചു. പാലക്കാട് കുമരനല്ലൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫോണ്‍ ഉപയോഗിക്കുകയും ഫോണ്‍ തിരികെ നല്‍കാത്തതില്‍ ക്ഷുഭിതനാകുകയും പ്രിന്‍സിപ്പലിനെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്ത സംഭവം മാധ്യമവാര്‍ത്തയായതോടെ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.

രണ്ട് വയസുവരെ കുട്ടികള്‍ക്ക് വീഡിയോ കോള്‍ ഒഴികെ സ്‌ക്രീന്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്ന മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കണ്ടെത്തലുകള്‍ കമ്മിഷന്‍ അംഗീകരിച്ചു. അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. 12 വയസുവരെ സ്‌ക്രീന്‍ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം. 18 വയസുവരെ പഠനത്തിനുപുറമെ സ്‌ക്രീന്‍ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തണം. കോവിഡിന് ശേഷം സ്‌ക്രീന്‍ അഡിക്ഷന്‍ കുട്ടികളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഗെയിമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക വൈകാരിക, വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ വിലയിരുത്തിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t