breaking news New

കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ : ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം ഇന്ന് കൂടുതൽ ശക്തമാകും : പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ഒരേസമയം സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും

എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. പത്തനംതിട്ട തിരുവല്ലയിലും അദ്ദേഹം തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ശബരിമല സ്വർണ്ണക്കൊള്ള, എഫ്സിആർഎ നിയമഭേദഗതി തുടങ്ങിയ വിവാദ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

രാഹുൽ ഗാന്ധിയും ഇന്ന് പ്രചാരണത്തിനായി കേരളത്തിലുണ്ടാകും. മൂന്ന് ജില്ലകളിലായി നാല് പ്രധാന പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന അദ്ദേഹം ആദ്യം ആലപ്പുഴയിലെ പൊതുപരിപാടിയിൽ സംസാരിക്കും. തുടർന്ന് മറ്റ് മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിലും അദ്ദേഹം ഭാഗമാകും.

മറുഭാഗത്ത്, സർക്കാരിന്റെ ക്ഷേമ-വികസന പദ്ധതികൾ വോട്ടർമാരിലേക്ക് എത്തിച്ച് വിജയം ഉറപ്പിക്കാനാണ് എൽഡിഎഫ് നീക്കം. സംസ്ഥാനതല പര്യടനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പ്രചാരണത്തിന് നേതൃത്വം നൽകും. ഭരണവിരുദ്ധ വികാരം മറികടക്കാൻ കിറ്റും പെൻഷനും ഉൾപ്പെടെയുള്ള സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനാണ് എൽഡിഎഫ് പ്രവർത്തകർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അവസാനവട്ട വോട്ടെടുപ്പ് തന്ത്രങ്ങളുമായി മുന്നണികൾ കളം നിറയുമ്പോൾ കേരളം ആർക്കൊപ്പം നിൽക്കുമെന്ന പ്രവചനാതീതമായ പോരാട്ടത്തിനാണ് വരും ദിവസങ്ങൾ സാക്ഷ്യം വഹിക്കുക.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t