breaking news New

വിദേശസംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്.സി.ആര്‍.എ.) ഭേദഗതി കൊണ്ടുവരാനുള്ള വിവാദ ബില്‍ ലോക്സഭ പരിഗണിച്ചില്ല : കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധവും ആശങ്കകളും കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ പിന്മാറ്റം എന്ന് സൂചന ...

വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ബില്‍ തല്‍ക്കാലം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സഭകളുടെ ന്യായമായ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഭേദഗതിയിലെ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയും സിറോ മലബാര്‍, മലങ്കര കത്തോലിക്കാ സഭകളും നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് റദ്ദാക്കാനും സന്നദ്ധ സ്ഥാപനങ്ങളുടെ ആസ്തികള്‍ ഏറ്റെടുക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവായും മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ആയുധമായി നിയമം മാറുമെന്ന വിമര്‍ശനം കത്തോലിക്കാ സഭാ മുഖപത്രമായ ദീപികയും ഉയര്‍ത്തിയിരുന്നു.

എതിര്‍പ്പ് ഏകോപിപ്പിക്കുന്നതിനായി സി.ബി.സി.ഐ.യുടെ നേതൃത്വത്തില്‍ നിയമവിദഗ്ധര്‍ ഉള്‍പ്പെടുന്ന എട്ടംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സമിതിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് നിവേദനം നല്‍കാന്‍ സമയം തേടിയിട്ടുണ്ട്. ഇതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഭകള്‍ ആശങ്കകള്‍ വ്യക്തമാക്കുന്ന കത്ത് നല്‍കി. വിദേശഫണ്ട് വിനിയോഗത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനോട് വിയോജിപ്പില്ലെന്നും എന്നാല്‍ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയിലാകരുത് പുതിയ നിയമമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. കേരളത്തിലെ ബിജെപി നേതൃത്വം വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്‌നത്തിന് അനുഭാവപൂര്‍ണ്ണമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസിസമൂഹം.

ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലായിരിക്കും ചര്‍ച്ച ചെയ്യുകയെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാനിരുന്ന ബില്ലില്‍ നിന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ പിന്മാറ്റം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി ഭയന്നാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും അതുവരെ പ്രക്ഷോഭം തുടരുമെന്നും ഹൈബി ഈഡന്‍ എം.പി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നിരവധി എന്‍.ജി.ഒകളുടെയും പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ക്രൂരമായ നിയമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതൊരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ആസൂത്രിത അജണ്ടയുടെ ഭാഗമാണെന്നും ആര്‍.എസ്.പി എം.പി എന്‍.കെ. പ്രേമചന്ദ്രനും വിമര്‍ശിച്ചു. എന്നാല്‍ വിദേശ സംഭാവനകളുടെ സുതാര്യത ഉറപ്പാക്കാനാണ് ഭേദഗതിയെന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാത്തത് സര്‍ക്കാരിന്റെ തന്ത്രമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗിമ്മിക്കാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ശക്തമായ എതിര്‍പ്പും സഭകളുടെ ആശങ്കയും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചതും ഈ പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t