കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പ്രകാരം പീക്ക് ടൈം ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തിയിരിക്കുകയാണ്. പ്രതിദിനം ശരാശരി 101 ദശലക്ഷം യൂണിറ്റാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. മാര്‍ച്ച് 12-ന് രേഖപ്പെടുത്തിയ 5352 മെഗാവാട്ട് എന്ന ലോഡ് വൈദ്യുതി വകുപ്പിനെ പോലും അമ്പരപ്പിക്കുന്നതാണ്. കനത്ത ചൂടിനൊപ്പം പാചകവാതക ക്ഷാമം മൂലം ജനങ്ങള്‍ വ്യാപകമായി ഇന്‍ഡക്ഷന്‍ കുക്കറുകളെ ആശ്രയിക്കുന്നതും പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ വലിയ തോതിലുള്ള വര്‍ദ്ധനവാണ് ദൃശ്യമാകുന്നത്. 2022 മാര്‍ച്ചില്‍ 4380 മെഗാവാട്ടായിരുന്ന ഉപഭോഗം 2024-ല്‍ 5150 ആയി ഉയര്‍ന്നു. ഈ വര്‍ഷം അത് 5300 കടന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ മഴ ലഭിച്ചത് നേരിയ ആശ്വാസം നല്‍കിയെങ്കിലും ചൂട് തുടരുകയാണെങ്കില്‍ ഉപഭോഗം 5700 മെഗാവാട്ടിന് മുകളിലെത്താനാണ് സാധ്യത. ഇത് മറികടക്കാന്‍ ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്.
നിലവില്‍ കേരളത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 1600 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. ബാക്കി പുറത്തുനിന്ന് വലിയ വില നല്‍കി വാങ്ങുകയാണ് ചെയ്യുന്നത്. പുറമെ നിന്ന് 6000 മെഗാവാട്ട് വരെ എത്തിക്കാനുള്ള സാങ്കേതിക ശേഷി സംസ്ഥാനത്തിനുണ്ടെങ്കിലും കേന്ദ്ര വൈദ്യുതി അതോറിറ്റി 4400 മെഗാവാട്ട് വരെ മാത്രമേ നിലവില്‍ അനുവദിച്ചിട്ടുള്ളൂ. ഈ പരിധി മറികടന്നാല്‍ ഗ്രിഡ് സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ വൈദ്യുതി വാങ്ങുന്നതിനും പരിമിതികളുണ്ട്.
വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ 'പകല്‍ ഉപയോഗം കൂട്ടുക' എന്ന നയമാണ് വകുപ്പ് ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ്, ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗം എന്നിവ പകല്‍ സമയത്തേക്ക് മാറ്റാന്‍ ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു. വൈകിട്ട് 6 മുതല്‍ രാത്രി 11 വരെയുള്ള പീക്ക് സമയത്തെ അമിത ഭാരം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുന്ന പ്രത്യേക പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സൗരോര്‍ജ്ജ ഉത്പാദനം പകല്‍ സമയത്ത് കൂടുതലായതിനാല്‍ ആ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നത് ബോര്‍ഡിന് സാമ്പത്തിക ലാഭമുണ്ടാക്കും. എന്നാല്‍ പീക്ക് സമയത്ത് പുറത്തുനിന്ന് വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു മാറ്റത്തിന് ശ്രമിക്കുന്നത്. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വരും മാസങ്ങളില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ വരും നാളുകള്‍ ഇരുട്ടിലാകുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോഴത്തെ സാഹചര്യം നല്‍കുന്നത്.
കേരളം കണ്ടിട്ടില്ലാത്ത വിധം വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് സംസ്ഥാനത്തെ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു !! കരുതലോടെ ഉപയോഗിച്ചാൽ ഇരുട്ടിലാകാതെ രക്ഷപ്പെടാം ...
Advertisement
Advertisement
Advertisement