breaking news New

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാനങ്ങളിലെ 60 ശതമാനം സീറ്റുകളും ഇനി മുതൽ അധിക നിരക്കില്ലാതെ യാത്രക്കാർക്ക് സൗജന്യമായി തിരഞ്ഞെടുക്കാൻ കഴിയും. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

വിമാനത്തിലെ ആകെ സീറ്റുകളിൽ കുറഞ്ഞത് 60 ശതമാനമെങ്കിലും സീറ്റ് സെലക്ഷൻ ചാർജുകൾ ഇല്ലാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാർ എയർലൈനുകളോട് ആവശ്യപ്പെട്ടു. നിലവിൽ പല വിമാനങ്ങളിലും പത്തു ശതമാനത്തിൽ താഴെ സീറ്റുകൾ മാത്രമാണ് സൗജന്യമായി ലഭിക്കുന്നത്.

ഒരേ പി.എൻ.ആറിൽ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒരുമിച്ച് ഇരിക്കാനുള്ള സൗകര്യം എയർലൈനുകൾ ഉറപ്പാക്കണം. സീറ്റ് സെലക്ഷൻ ചാർജ് നൽകാത്തതിന്റെ പേരിൽ കുടുംബാംഗങ്ങളെ വിമാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുത്തുന്ന രീതിക്ക് ഇതോടെ അറുതിയാകും.

60 ശതമാനം സീറ്റുകൾ സൗജന്യമാക്കിയെങ്കിലും, ഇത് വിമാന ടിക്കറ്റ് നിരക്ക് കുറയാൻ കാരണമാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സീറ്റ് സെലക്ഷനിലൂടെ ലഭിക്കുന്ന വരുമാനം കുറയുമ്പോൾ, എയർലൈനുകൾ അടിസ്ഥാന നിരക്കിലോ മറ്റ് സേവനങ്ങളിലോ തുക വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. വെബ് ചെക്ക്-ഇൻ സമയത്ത് സൗജന്യ സീറ്റുകൾ ലഭ്യമല്ലെന്ന് കാണിച്ച് യാത്രക്കാരെക്കൊണ്ട് നിർബന്ധപൂർവ്വം പണമടപ്പിക്കുന്ന ‘ഡാർക്ക് യുഐ പാറ്റേൺ’ തടയാനും ഈ നീക്കം സഹായിക്കും.

വിൻഡോ സീറ്റുകൾക്കും എക്സിറ്റ് റോ സീറ്റുകൾക്കും വൻതുക ഈടാക്കുന്ന രീതിക്കെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പരാതികൾ ഉയർന്നിരുന്നു. മാർച്ച് 2024-ൽ നടത്തിയ ഒരു സർവ്വേ പ്രകാരം, 44 ശതമാനം യാത്രക്കാരും സീറ്റ് ലഭിക്കാനായി മാത്രം ടിക്കറ്റ് നിരക്കിന്റെ 5 മുതൽ 40 ശതമാനം വരെ അധിക തുക നൽകേണ്ടി വരുന്നുണ്ട്. പുതിയ നിയമം നടപ്പിലാകുന്നതോടെ ബുക്കിംഗ് പ്രക്രിയ കൂടുതൽ ലളിതമാകുമെന്നും യാത്രക്കാർക്ക് അനാവശ്യമായ അധിക ബാധ്യത ഒഴിവാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t