ഇരകൾക്ക് നൽകേണ്ട നഷ്ടപരിഹാരം വൈകാതെ വിതരണം ചെയ്യണമെന്ന് നിർദേശിച്ചു ഹൈക്കോടതി. തുക ലഭ്യമാകാതെ താമസമുണ്ടായാൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തന്നെ അത് നൽകണമെന്നും കോടതി വ്യക്തമാക്കി.
വിക്ടിം കോംപൻസേഷൻ പദ്ധതിയിലെ തുകകൾ നിശ്ചിത സമയത്തിനുള്ളിൽ നൽകേണ്ടത് നിർബന്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകുകയും തുക വിതരണം സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കുകയും വേണമെന്ന് നിർദേശം നൽകി. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
മീഡിയേഷൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ എടുത്ത ഹർജിയാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് സൗമെൻ സെനും ജസ്റ്റിസ് വിഎം ശ്യാംകുമാറും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് നൽകിയത്. 2022 മുതൽ വിക്ടിം കോംപൻസേഷൻ പദ്ധതിയിൽ നൽകാനുള്ളത് ഏകദേശം 47 കോടി രൂപയാണെന്നും, മീഡിയേറ്റർമാർക്ക് നൽകേണ്ട പ്രതിഫലം 10 കോടിയിലധികമാണെന്നും കോടതിയിൽ അറിയിച്ചിരുന്നു.
അതേസമയം മുൻപ് ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും, അദ്ദേഹം ഓൺലൈനായി ഹാജരായത് കോടതി വിമർശിച്ചു. തുക വിതരണം വൈകുന്നതിന് സർക്കാർ മുന്നോട്ടുവച്ച വിശദീകരണങ്ങൾ കോടതി അംഗീകരിച്ചില്ല. സംഭാവനകളോ പിഴത്തുകയോ ലഭിക്കാത്ത സാഹചര്യത്തിലും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ധനകാര്യ വകുപ്പിനാണെന്നും, വിതരണം നടത്തുന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയാണെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ഇത് പരിഗണിച്ച് അദ്ദേഹത്തിന്റെ തുടർ ഹാജർ ഒഴിവാക്കിയ കോടതി, ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് വീണ്ടും ആവർത്തിച്ചു. ലീഗൽ സർവീസസ് അതോറിറ്റിയുടെ യോഗത്തിൽ ധനകാര്യ സെക്രട്ടറി പങ്കെടുക്കാതിരുന്നതും കോടതി വിമർശിച്ചു.
ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇരകൾക്ക് നൽകേണ്ട നഷ്ടപരിഹാരം വൈകാതെ വിതരണം ചെയ്യണമെന്ന് നിർദേശിച്ചു ഹൈക്കോടതി
Advertisement
Advertisement
Advertisement