breaking news New

ലണ്ടൻ സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഏണ്‍ഡ് സെറ്റില്‍മെന്റ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് അതീവ പ്രാധാന്യമുള്ള ഒരു റിപ്പോര്‍ട്ട് ഹോം അഫയേഴ്‌സ് കമ്മിറ്റി ഇന്നലെ പ്രസിദ്ധീകരിച്ചു : ആയിരക്കണക്കിന് മലയാളി നഴ്സുമാരും കെയര്‍ വര്‍ക്കര്‍മാരും ആശങ്കയില്‍ !!

ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്‌ന് (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള അര്‍ഹതയ്ക്ക് ബ്രിട്ടനില്‍ അഞ്ച് വര്‍ഷം താമസിച്ചിരിക്കണം എന്നത് പത്ത് വര്‍ഷമായി നീട്ടുന്നതാണ് ഈ പരിഷ്‌കരണം. അതിനോടൊപ്പം ഐ എല്‍ ആര്‍ ലഭിക്കുന്നതിന് ചില അധിക മാനദണ്ഡങ്ങളും പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് കമ്മിറ്റി ഒരു ഹ്രസ്വ വിശകലനം നടത്തിയിരുന്നു. രേഖാമൂലമുള്ള 5,700 പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് ലഭിച്ചത്.

സര്‍ക്കാര്‍ നേരത്തെ നടത്തിയ പരിഷ്‌കരണങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും, ശരിയായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് ആവശ്യമെന്നും, ധൃതിപ്പെട്ട് പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതല്ല വേണ്ടതെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യക്തവും, യാഥാര്‍ത്ഥ്യബോധത്തോടും കൂടിയുള്ള നടപടികള്‍ സമയബന്ധിതമായി എടുക്കുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 ഏപ്രില്‍ മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിര്‍ദ്ദിഷ്ഠ പരിഷ്‌കരണങ്ങളുടെ സുപ്രധാന ഭാഗങ്ങള്‍ അവ്യക്തമായി തുടരുകയാണെന്നും അവ വേണ്ടവിധത്തിലല്ല രൂപീകരിച്ചിരിക്കുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തുന്നു. ഇത് അവിചാരിതമായ പ്രതിസന്ധികള്‍ക്ക് വഴിതെളിച്ചേക്കും. മാത്രമല്ല, ഹോം ഓഫീസിന്റെ പ്രവര്‍ത്തനങ്ങളിലും, സിസ്റ്റങ്ങളിലും, ജീവനക്കാരുടെ കാര്യത്തിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്തിയ കമ്മിറ്റി പറയുന്നത് സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ 2026 ഏപ്രിലില്‍ ഇത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയില്ല എന്നാണ്.

ഉയര്‍ന്ന തോതിലുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്ന സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ മാനിക്കുമ്പോഴും, ഈ പരിഷ്‌കാരങ്ങളുടെ പ്രത്യാഘാതം കടുത്ത അനിശ്ചിതാവസ്ഥയായിരിക്കുമെന്നും കമ്മിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു. നിലവില്‍ യു കെയില്‍ താമസിക്കുന്ന കുടിയേറ്റക്കാരെയും ബാധിക്കുന്ന വിധത്തില്‍ പിന്‍കാല പ്രാബല്യത്തോടെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള ആശങ്കയും കമ്മിറ്റി രേഖപ്പെടുത്തുന്നുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത, അവശതകള്‍ അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

2021 ന് മുമ്പായി രാജ്യത്ത് എത്തിച്ചേര്‍ന്ന കുടിയേറ്റക്കാര്‍ക്ക് പുതിയ നിയമം ബാധകമാക്കരുത് എന്നും പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇപ്പോള്‍ തന്നെ പല കുടിയേറ്റക്കാരിലും ആശങ്ക ശക്തമാക്കിയിട്ടുണ്ട് എന്ന് എം പിമാര്‍ കുറ്റപ്പെടുത്തുന്നു.

ഭാവിയെന്താകുമെന്നാറിയാതെ അവര്‍ ഉത്ക്കണ്ഠാകുലരാവുകയാണ്. ഇത് അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എപ്പോള്‍, എങ്ങനെയാണ് പരിഷ്‌കാരങ്ങള്‍ നടത്താന്‍ തുടങ്ങുന്നത് എന്നതില്‍ എത്രയും പെട്ടെന്ന് വ്യക്തത വരുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇതുണ്ടാക്കുന്ന ആഘാതം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

പെര്‍മെനെന്റ് സെറ്റില്‍മെന്റ് ലഭിക്കുന്നതിനാവശ്യമായ മിനിമം ശമ്പള പരിധിയെ കുറിച്ചും കമ്മിറ്റി റിപോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. യു കെയില്‍ ജീവിക്കുന്നവര്‍ സാമ്പത്തികമായി സംഭാവനകള്‍ നല്‍കേണ്ടത് അത്യാവശ്യമാണെങ്കിലും, രോഗങ്ങള്‍, പൂര്‍ണ്ണസമയ കെയറിംഗ്, പഠനം തുടങ്ങിയ കാരണങ്ങളാല്‍ വരുമാനം നേടാന്‍ കഴിയാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t