breaking news New

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ പിടിയിലായ കൊച്ചി നാവികസേനാ ഉദ്യോഗസ്ഥനില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് !!

കേസില്‍ അറസ്റ്റിലായ ലീഡ് മെക്കാനിക് ആദര്‍ശ് കുമാറിനെ (ലക്കി- 24) കോടതി റിമാന്‍ഡ് ചെയ്തു. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണ്ണായക തെളിവുകള്‍ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന് ലഭിച്ചതോടെ സംഭവത്തില്‍ രാജ്യത്തെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

യു.പി. ആഗ്ര ചിറ്റ്പൂര്‍ സ്വദേശിയായ ആദര്‍ശ് കുമാര്‍ ഒരു വര്‍ഷമായി കൊച്ചി നാവികത്താവളത്തിലാണ് ജോലി ചെയ്യുന്നത്. വിമാനവാഹിനികള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും പരിപാലനവും മേല്‍നോട്ടം വഹിക്കുന്ന തന്ത്രപ്രധാനമായ തസ്തികയിലായിരുന്നു ഇയാള്‍. മൂന്ന് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു യുവതിയുടെ 'ഹണി ട്രാപ്പില്‍' വീണാണ് ആദര്‍ശ് രാജ്യത്തിന്റെ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇയാള്‍ കൈമാറിയതായി എ.ടി.എസ്. കണ്ടെത്തി.

വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പകരമായി പാക്കിസ്ഥാന്‍ ഹാന്‍ഡ്ലറില്‍ നിന്ന് ഇയാള്‍ വലിയ തുക പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ ലഭിച്ചത്. കൊച്ചിയിലെ ഇയാളുടെ താമസസ്ഥലത്തും ഔദ്യോഗിക ഇടങ്ങളിലും പരിശോധനകള്‍ നടക്കുകയാണ്. വിദേശ ഏജന്‍സികളുമായി ഇയാള്‍ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കൊച്ചി സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് യു.പി. എ.ടി.എസ്. നാടകീയമായി ഇയാളെ പിടികൂടിയത്.

അതിനിടെ 'ലക്കി'യുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഗ്രാമത്തിലെ യുവാക്കള്‍ക്ക് മാതൃകയായിരുന്ന ഒരു നാവിക ഉദ്യോഗസ്ഥന്‍ എങ്ങനെ രാജ്യദ്രോഹക്കുറ്റത്തില്‍ അകപ്പെട്ടു എന്ന ഞെട്ടലിലാണ് ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള ചിറ്റ്പൂര്‍ ഗ്രാമം. അതീവ സുരക്ഷാ പ്രാധാന്യമുള്ള യുദ്ധക്കപ്പലുകളുടെ ദൃശ്യങ്ങള്‍ ചോര്‍ത്തിയതിനൊപ്പം, ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ഭീകരവിരുദ്ധ സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഒരു യുവതിയുടെ 'ഹണി ട്രാപ്പിലാണ്' ആദര്‍ശ് കുമാര്‍ വീണതെന്നാണ് എ.ടി.എസ്. കണ്ടെത്തല്‍. തുടക്കത്തില്‍ ലളിതമായ സംഭാഷണങ്ങളിലൂടെ തുടങ്ങിയ ബന്ധം പിന്നീട് വാട്സ്ആപ്പിലേക്ക് മാറുകയും, തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിലേക്ക് എത്തുകയുമായിരുന്നു. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡില്‍ ഡോക്ക് ചെയ്തിട്ടുള്ള യുദ്ധക്കപ്പലുകളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ് സുപ്രധാന രേഖകള്‍ എന്നിവ ഇയാള്‍ കൈമാറി. ഇതിന് പ്രതിഫലമായി പാക് ഏജന്റില്‍ നിന്ന് പണം കൈപ്പറ്റിയതായും എ.ടി.എസ്. ആരോപിക്കുന്നു.

ഫെബ്രുവരിയില്‍ വിവാഹിതനായ ആദര്‍ശ് കുമാര്‍, മൂന്നാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് നാടകീയമായി പിടിയിലാകുന്നത്. മാര്‍ച്ച് 14-ന് ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കെയായിരുന്നു എ.ടി.എസ്. സംഘം ചിറ്റ്പൂരിലെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ലളിതമായ ജീവിതം നയിച്ചിരുന്ന ഇയാള്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കുടുംബാംഗങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ കഴിഞ്ഞിട്ടില്ല. മകന്‍ ചതിക്കപ്പെട്ടതാണെന്നും നിരപരാധിയാണെന്നുമാണ് പിതാവും സഹോദരിയും വാദിക്കുന്നത്.

ആദര്‍ശ് കുമാര്‍ ഒരു വര്‍ഷമായി കൊച്ചിയിലാണ് ജോലി ചെയ്തിരുന്നത്. കപ്പലുകളുടെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ട ചുമതല ഉണ്ടായിരുന്നതിനാല്‍ അതീവ രഹസ്യവിവരങ്ങള്‍ ഇയാള്‍ക്ക് ലഭ്യമായിരുന്നു. ഇയാളുടെ ഫോണ്‍ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ ചാരശൃംഖലയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും നാവികസേനാ സുരക്ഷയില്‍ മറ്റ് എവിടെയെങ്കിലും വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t