breaking news New

കെഎസ്‌ആര്‍ടിസി നഷ്ടം സഹിച്ച്‌ എന്തിന് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി !! ഗ്രാറ്റുവിറ്റി ഉള്‍പ്പടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി

സ്വകാര്യ ബസുകള്‍ ലാഭത്തില്‍ ഓടുമ്പോള്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് ഇത്രയേറെ നഷ്ടം ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രൊവിഡന്റ് ഫണ്ട് തുക ജീവനക്കാരന്റെ അവകാശമാണ്. ഏതെങ്കിലും സ്ഥാപനത്തിന്റെ ഔദാര്യമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കെഎസ്‌ആര്‍ടിസിയില്‍ ഇന്‍സ്‌പെക്ടര്‍ ആയി വിരമിച്ച പ്രദീപ് ഡി നായര്‍ എന്ന വ്യക്തിയുടെ വിരമിക്കല്‍ ആനുകൂല്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കെഎസ്‌ആര്‍ടിസി ലാഭം മാത്രം നോക്കി ഓടിക്കുന്ന സ്ഥാപനമല്ല. കളക്ഷന്‍ കാര്യമായിട്ട് ഇല്ലാത്ത സ്ഥലത്തും ജനതാല്‍പ്പര്യം പരിഗണിച്ച്‌ ബസുകള്‍ ഓടിക്കേണ്ടി വരുന്നുണ്ട്. അക്കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതാണെന്ന് കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. വിരമിക്കല്‍ ആനുകൂല്യവുമായി ബന്ധപ്പെട്ട കേസില്‍ കെഎസ്‌ആര്‍ടിസിയാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

കെഎസ്‌ആർടിസിയില്‍ ഗ്രാറ്റുവിറ്റി ഉള്‍പ്പടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സീനിയോറിറ്റി ഉള്‍പ്പടെ പാലിക്കുന്നുണ്ടോ എന്ന വിഷയത്തിലാണ് മേല്‍നോട്ടം വഹിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്. നഷ്ടത്തില്‍ ആണെന്ന കാരണത്താല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്ന കെഎസ്‌ആർടിസിയുടെ വാദത്തോട് യോജിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t