breaking news New

പ്രവാസികൾക്ക് തുണയായി നോർക്ക : പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷസാഹചര്യത്തെത്തുടർന്ന് പ്രവാസി കേരളീയർക്കായി ആരംഭിച്ച നോർക്ക ഹെൽപ്പ് ഡെസ്കിൽ ഇതുവരെ 830 പേർ ബന്ധപ്പെട്ടതായി അധികൃതർ

2026 മാർച്ച് 05 വൈകിട്ട് 5 മണി വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുമാത്രം 538 പേരാണ് സഹായം തേടിയത്.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി യു.എ.ഇ (148), ഖത്തർ (59), ബഹ്റൈൻ (52), കുവൈത്ത് (16), സൗദി അറേബ്യ (10), ഒമാൻ (5) എന്നിങ്ങനെയും ബ്രിട്ടനിൽ നിന്ന് രണ്ടുപേരും ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെട്ടു. നോർക്ക സെന്ററിൽ ചേർന്ന അവലോകന യോഗം നിലവിലെ സാഹചര്യം വിലയിരുത്തുകയും അടിയന്തിരമായി സഹായം നൽകേണ്ടവരെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഗൾഫ് രാജ്യങ്ങളിൽ രൂപീകരിച്ച ആറ് നോർക്ക സഹായ കൂട്ടായ്മകൾ വഴി പ്രവാസികൾക്ക് സജീവമായ പിന്തുണ ഉറപ്പാക്കുന്നുണ്ട്. നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ് ഉദ്യോഗസ്ഥർ, ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, അംഗീകൃത പ്രവാസി സംഘടനകൾ എന്നിവർ ഉൾപ്പെടുന്നതാണ് ഈ കൂട്ടായ്മകൾ. പ്രവാസി മലയാളികൾ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യൻ മിഷനുകളും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും നോർക്ക അധികൃതർ അഭ്യർത്ഥിച്ചു.

സഹായം ആവശ്യമുള്ളവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് നമ്പറുകൾ സജ്ജമാണ്. അന്താരാഷ്ട്ര മിസ്ഡ് കോൾ നമ്പറായ +91-8802012345, ഇന്ത്യയിൽ നിന്നുള്ള ടോൾ ഫ്രീ നമ്പറായ 18004253939 എന്നിവയ്ക്ക് പുറമെ ന്യൂഡൽഹി കേരള ഹൗസിലും നോർക്ക സെന്ററിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂം സേവനങ്ങളും (ടോൾ ഫ്രീ: 1800118797) രാവിലെ 9 മുതൽ രാത്രി 9 വരെ ലഭ്യമാണെന്ന് നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ അനിൽ ഭാസ്കർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t