സുപ്രീം കോടതി നിര്‍ദേശിച്ച 40,000 രൂപ അടിസ്ഥാന ശമ്പളം സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ന്യായമായ ഈ ആവശ്യം പോലും പരിഗണിക്കാത്തത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തവിമുഖതയാണെന്ന് വിമര്‍ശിച്ചു. സ്വന്തം അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന നഴ്സുമാരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) സംഘടിപ്പിച്ച മാനവീയം വീഥിയിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, ആരോഗ്യ മേഖലയിലെ നിര്‍ണായക തൊഴിലാളികളായ നഴ്സുമാര്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി ശമ്പള വര്‍ധനവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ കോടികള്‍ ലാഭം കൊയ്യുന്ന സാഹചര്യത്തില്‍ നഴ്സുമാര്‍ക്ക് യോജിച്ച വേതനം നല്‍കാത്തത് ഗുരുതരമായ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഴ്സുമാരുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ അതിന് കാലം കണക്കുപറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നഴ്സുമാരുടെ സമരത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും, നിലവിലെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അധികാരത്തിലെത്തുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അവ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്മാര്‍ അനിശ്ചിത കാല സമരത്തിലേക്ക് കടന്നിരിക്കുന്നത്. മിനിമം വേതനം 40,000 രൂപ ആക്കുക എന്ന ആവശ്യവുമായാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മിനിമം വേതനം 40,000 രൂപയാക്കുക, ഇ എസ് ഐ, പി ഫ് പരിധി ഉയര്‍ത്തുക, കോണ്‍ട്രാക്ട് സംവിധാനവും ട്രെയിനിങ് സംവിധാനവും നിര്‍ത്തലാക്കുക എന്നിവയാണ് ആവശ്യങ്ങൾ.
കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയില്‍ അവസാനമായി ശമ്പളപരിഷ്‌കരണം നടന്നത് 2018 ലാണ്. പിന്നീട് ഏഴ് വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ല. മിനിമം വേതനം പ്രഖ്യാപിക്കേണ്ട ഏറ്റവും കുറഞ്ഞ കാലാവധി 3 വര്‍ഷവും, ഏറ്റവും കൂടിയ കാലാവധി 5 വര്‍ഷവും ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംഘടന ഇക്കാര്യം ഉന്നയിച്ചിട്ടും സ്വകാര്യ മേഖലയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
2023 ല്‍ യുഎന്‍എ നടത്തിയ ശക്തമായ സമരത്തിന്റെ ഭാഗമായി ശമ്പളം പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടെങ്കിലും നാളിതുവരെ പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമര രംഗത്തേക്കിറങ്ങുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലേ നഴ്‌സ്മാരുടെ വേതനത്തിന്റെ പകുതി പോലും സ്വകാര്യ മേഖലയില്‍ ഉള്ള നേഴ്‌സ്മാര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ വന്‍കിട അമേരിക്കന്‍ കമ്പനികള്‍ വന്‍ നിക്ഷേപം നടത്തി ആരോഗ്യ മേഖലയെ സ്വകാര്യ വത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂമിയിലെ മാലാഖമാര്‍ എന്ന് വിശേഷിപ്പിക്കുന്ന നഴ്‌സുമാരെയും അവരുടെ ദൈനംദിന ജീവിതത്തെയും കാണാതെ പോകരുതെന്നും സമരക്കാര്‍ ഓര്‍മിപ്പിക്കുന്നു.