ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ നേരിട്ട് ഫോണിൽ വിളിച്ച് അനുനയ നീക്കം നടത്തിയെങ്കിലും സുധാകരൻ വഴങ്ങിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന് അദ്ദേഹം നേതൃത്വത്തോട് തുറന്നു തന്നെ അറിയിച്ചു.
ബുധനാഴ്ച രാവിലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയിലെ തന്റെ അതൃപ്തി സുധാകരൻ പരസ്യമാക്കിയത്. 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് മാറിയ ശേഷം ജില്ലാ സെക്രട്ടറി ഒരിക്കൽ പോലും കാര്യങ്ങൾ അന്വേഷിച്ചില്ല. പ്രധാന പൊതുപരിപാടികളിൽ നിന്നെല്ലാം തന്നെ ബോധപൂർവ്വം ഒഴിവാക്കി എന്നതൊക്കെയാണ് അദ്ദേഹം ഉന്നയിക്കുന്ന കാരണങ്ങൾ.
താൻ പ്രത്യേക പരിഗണന അർഹിക്കുന്നില്ലെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം വേദനിപ്പിച്ചു. സെക്രട്ടറി തന്നെ പരിഹസിച്ച് ചിരിച്ചപ്പോൾ തിരുത്താൻ ആരും തയ്യാറായില്ലെന്നും സുധാകരൻ ആരോപിക്കുന്നു. ദീർഘകാലം പാർട്ടിക്കായി പ്രവർത്തിച്ച തന്നോട് കാണിക്കുന്നത് ശരിയായ സമീപനമല്ലെന്ന വികാരമാണ് സുധാകരൻ പങ്കുവെച്ചത്.
ജില്ലാ തലത്തിലുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചേക്കും. ആലപ്പുഴയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും തർക്കങ്ങളും സുധാകരന്റെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സുധാകരൻ പാർട്ടി വിടുന്നത് ആലപ്പുഴയിലെ സി.പി.എമ്മിന് വലിയ തിരിച്ചടിയാകുമെന്ന് നേതൃത്വം ഭയക്കുന്നു.
സി.പി.എം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചു തന്നെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ : സി.പി.എം അനുനയ നീക്കം പാളുന്നു
Advertisement
Advertisement
Advertisement