പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
‘ഇറാന്റെ പരമോന്നത രാഷ്ട്രീയാധികാരിയും ലോകത്തെ ഷിയാ വിഭാഗത്തിന്റെ പ്രമുഖ നേതാവുമാണ് ആയത്തുള്ള അലി ഖമനേയി. അദ്ദേഹമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്കെതിരേ, പ്രത്യേകിച്ച് ഷിയാകൾക്കെതിരേ തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു’ മസൂദ് പെസഷ്കിയാൻ പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ എല്ലാ ശക്തിയോടെയും പ്രതികരിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ള കുറ്റവാളികൾ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിശിഷ്ടനേതാവിന്റെ വിശുദ്ധമായ രക്തം വെറുതെയാകില്ലെന്നും അത് ഇസ്ലാമിക ലോകത്തിന്റെയും ഷിയാ ചരിത്രത്തിന്റേയും പുതിയൊരധ്യായം രചിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രസിഡിന്‍റെ പ്രതികരണം.
അതേസമയം, ആയത്തൊള്ള ഖമനേയിയും പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ ഭരണകർത്താക്കളെ നിശ്ചയിച്ച് ഇറാൻ. രാജ്യത്തിൻ്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തു.
പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവിൽ പരമോന്നത നേതാവിൻ്റെ ചുമതല അറാഫി വഹിക്കുമെന്ന് ഇറാൻ അറിയിച്ചു. ഖമനേയിയോട് അടുത്ത ബന്ധമുണ്ടായിരുന്ന ആത്മീയ നേതാവാണ് അയത്തൊള്ള അറാഫി.
അമേരിക്കൻ താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് പുതിയ കമാൻഡർ ഇൻ ചീഫിനെയും ഇറാൻ നിയമിച്ചു. മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിട്ടറി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്.
ആറ് മാസം ഇടക്കാല മേധാവിയായി ഐആർജിസിയെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കമാൻഡർ-ഇൻ-ചീഫായി പ്രഖ്യാപിച്ചത്. ഇറാനും അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സേനയും തമ്മിലുള്ള സായുധ പോരാട്ടങ്ങൾ തുടരുന്നതിനിടെയാണ് നിയമനം.