breaking news New

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നു !!!

ഖമേനിയെ വധിച്ചതിന് പ്രതികാരമായി ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സൈനിക നീക്കം ആരംഭിച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഇറാനെ നാമാവശേഷമാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. തങ്ങള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം ഇന്ന് നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് മുതിരരുതെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' മീഡിയ ആപ്പില്‍ കുറിച്ചു. 'അവര്‍ അങ്ങനെ ചെയ്താല്‍, ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ശക്തിയോടെ ഞങ്ങള്‍ അവരെ തകര്‍ക്കും' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും മരണവാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിലെ 27 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും ഇസ്രായേലിലെ ടെല്‍ അവീവിനും നേരെ ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചു കഴിഞ്ഞു. ഖത്തറിലും യുഎഇയിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാന്റെ ഔദ്യോഗിക ചാനലായ പ്രസ് ടിവിയിലെ വാര്‍ത്താ അവതാരകന്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞത് ഇറാന്റെ ആത്മവീര്യത്തിന് ഏറ്റ വലിയ പ്രഹരമായി കാണപ്പെടുന്നു. ഖമേനിയുടെ രക്തസാക്ഷിത്വം അമേരിക്കയുടെയും ഇസ്രായേലിന്റെയും തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഇറാന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ടെഹ്റാനിലെ എംഗലാബ് സ്‌ക്വയറിലും കര്‍ബലയിലെ ഇമാം ഹുസൈന്‍ പള്ളിയിലും ഖമേനിയുടെ ചിത്രങ്ങളുമായി ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്ര നടത്തുന്നത്.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ അധിനിവേശ കേന്ദ്രങ്ങളെയും ഇസ്രായേല്‍ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം നിമിഷങ്ങള്‍ക്കുള്ളില്‍ കടുപ്പിക്കുമെന്നാണ് ഐആര്‍ജിസി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഏതൊരു പ്രകോപനത്തിനും പത്തിരട്ടി ശക്തിയില്‍ മറുപടി നല്‍കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ് അമേരിക്കന്‍ നാവികസേനയും വ്യോമസേനയും. ഇറാന്‍ തങ്ങളുടെ ആയുധശേഷി പരീക്ഷിക്കാന്‍ മുതിര്‍ന്നാല്‍ അത് ആ രാജ്യത്തിന്റെ തന്നെ അന്ത്യത്തിന് വഴിയൊരുക്കുമെന്നാണ് ട്രംപ് നല്‍കുന്ന സൂചന. ലോകം കാത്തിരിക്കുന്നത് ഭയാനകമായ ഒരു യുദ്ധവാര്‍ത്തയ്ക്കാണെന്ന് പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്നു. ഇന്ന് എന്തും പശ്ചിമേഷ്യയില്‍ സംഭവിക്കാം.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വന്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇന്ന് രാവിലെയാണ്. ദശാബ്ദങ്ങള്‍ക്കിടെ ഇറാന്‍ മണ്ണിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. ഖമനേയിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ഇത് ആഗോള വിപണിയില്‍ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആശങ്കയുണ്ട്. മിഡില്‍ ഈസ്റ്റിലുടനീളമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഇറാനിലുടനീളമുള്ള സൈനിക കേന്ദ്രങ്ങളെയും മുതിര്‍ന്ന നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണം. ഏകദേശം 200 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 500 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ടെഹ്‌റാനിലെ ഖമനേയിയുടെ വസതി പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായും, തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖമേനിക്ക് പുറമെ ഇറാന്റെ സൈനിക-ഭരണ നേതൃത്വത്തിലെ നിരവധി പ്രമുഖരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ, റെവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍, മുതിര്‍ന്ന ഉപദേശകന്‍ അലി ഷംഖാനി ഉള്‍പ്പെടെ അഞ്ച് സൈനിക കമാന്‍ഡര്‍മാര്‍ എന്നിവരാണ് കൊല്ലപ്പെട്ട പ്രമുഖകര്‍. ഇറാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട 40 പ്രമുഖകര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

ഖമേനിയുടെ കുടുംബാംഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകളും മരുമകനും പേരക്കുട്ടിയുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനിടെ ഖമേനിയുടെ അടുത്ത പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ചകള്‍ തുടങ്ങി. രണ്ടാമത്തെ മകന്‍ മൊജ്താബ ഖമനേയി പരമോന്നത നേതാവാകുമെന്നാണ് വിവരങ്ങള്‍. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ മൂന്നംഗ താത്കാലിക സമിതിയാകും ഇറാന്‍ ഭരണകൂടത്തെ നയിക്കുക. 1989 മുതല്‍ ഇറാന്റെ പരമോന്നത അധികാരം കയ്യാളിയിരുന്ന ഖമേനിയുടെ അന്ത്യം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t